പ്രാര്‍ഥനാ നിര്‍ഭരമായി റമദാനിലെ അവസാന വെള്ളിയാഴ്ച
വൈക്കം: റമദാനിലെ അവസാന വെള്ളിയാഴ്ച താലൂക്കിലെ ജൂമാമസ്ജിദുകളും ഭവനങ്ങളും പ്രാര്‍ഥനാനിര്‍ഭരമായി. ജുമുഅ നമസ്കാരത്തിന് പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ജോലിയും കച്ചവടവുമൊക്കെയായി വിവിധ പള്ളികളില്‍ വെള്ളിയാഴ്ച നമസ്കാരത്തിനു കൂടുന്നവരെല്ലാം ഇന്നലെ സ്വന്തം പള്ളികളില്‍ തന്നെ നമസ്കാരത്തിനെത്തി.
വ്രതാനുഷ്ഠാനത്തിലൂടെ നേടിയ പുണ്യം തുടര്‍ന്നുള്ള ജീവിതത്തിലും പകര്‍ത്തി മുന്നോട്ടുപോകണമെന്നാണു പള്ളികളില്‍ ഖുത്തുബയ്ക്കു നേതൃത്വം നല്കിയ ഇമാമുമാരെല്ലാം ഉദ്ബോധിപ്പിച്ചത്.
ഖുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാവുകളിലൊന്നും വിശ്വാസികളുടെ പെരുന്നാള്‍ എന്നറിയപ്പെടുന്ന വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ആവേശപൂര്‍വമാണ് വിശ്വാസിസമൂഹം വരവേറ്റത്.
ഖുര്‍ആന്‍ പാരായണവും ഉറക്കമൊഴിവാക്കിയുള്ള പ്രാര്‍ത്ഥനകളും കൊണ്ട് പള്ളികള്‍ ധന്യമായി. നരകമോചനത്തിനുള്ള പ്രാര്‍ഥനകളില്‍ വ്യാപൃതരായ വിശ്വാസികള്‍ ഉറങ്ങിയശേഷം എഴുന്നേറ്റു രാത്രിയുടെ മധ്യാഹ്നത്തില്‍ നമസ്കരിക്കുന്ന കിയാമുല് ലൈല് നമസ്കാരത്തിലും ഇഅ്തികാഫിലുമായാണ് ഒറ്റയൊറ്റ രാവുകളില്‍ കഴിഞ്ഞുകൂടുന്നത്.
നിര്‍ബന്ധ ദാനത്തിനു പുറമെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്കു ജീവിത വിഭങ്ങള്‍ എത്തിച്ചുകൊടുക്കാനുമാണു റമദാനിലെ അവസാന നാളുകളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുന്നത്. റമദാന് വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."