പഠനസഹായത്തിന് ഇനി ഡിജിറ്റല്‍ സാങ്കേതിക വിദ്യ
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ സമ്മാനമായി ഹൈടെക് ക്ലാസ് മുറികളിലേക്ക് ഇനി ഡിജിറ്റല്‍ വിഭവങ്ങളും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 12ാം ക്ലാസ് വരെ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന സമഗ്ര ഡിജിറ്റല്‍ വിഭവ പോര്‍ട്ടലിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നതിന് ദൃശ്യശ്രാവ്യ സങ്കേതങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പഠനം എളുപ്പമാകും.
അധ്യാപനവും എളുപ്പമാക്കാന്‍ ക്ലാസ് മുറികളിലെ സാങ്കേതിക വിദ്യാ ഉപയോഗം സഹായിക്കും. സ്‌കൂള്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സ്ഥിരം സംവിധാനമെന്ന രീതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. നിരന്തരം നവീകരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമായി ഈ സംവിധാനങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരകുളം ഹൈസ്‌കൂളിനായി പ്രത്യേകം സജ്ജമാക്കിയ ഹൈടെക് ക്ലാസ് മുറിയില്‍ നിന്നാണ് മുഖ്യമന്ത്രി പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വേദിയോട് ചേര്‍ന്ന് ഒരുക്കിയ ക്ലാസ് മുറിയില്‍ കരകുളം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പോര്‍ട്ടലിന്റെ സഹായത്തോടെ ആറ്റത്തിന്റെ ഘടനയെക്കുറിച്ച് ക്ലാസെടുത്തു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി. മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ. ഡോ. പി.കെ.ജയശ്രീ, ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ സുധീര്‍ ബാബു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ പ്രൊഫ. എ. ഫാറൂഖ്, കൈറ്റ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ ഡോ. ജെ. പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."