മികവിലേക്ക് ഒരുമിച്ച് മുന്നേറാം
ഒട്ടേറെ സങ്കല്പങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമായി പുതിയ അക്കാദമിക വര്‍ഷത്തില്‍ സ്‌കൂളിലേക്ക് കടന്നുവരുന്ന ഏവര്‍ക്കും സ്വാഗതം. സന്തോഷത്തോടെയും അല്‍പം ആശങ്കയോടെയും എത്തിച്ചേരുന്ന നവാഗതരായ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ചും സ്വാഗതം.
ഈ അക്കാദമിക വര്‍ഷത്തെ മികവിന്റെ വര്‍ഷമായി നമുക്ക് കൂട്ടായി പരിവര്‍ത്തിപ്പിക്കാം. അതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് അവധി ആഘോഷിക്കാന്‍ പോയ കുട്ടികള്‍ക്ക് ഈ അക്കാദമിക വര്‍ഷം പഠിക്കേണ്ട പുസ്തകങ്ങള്‍ മുന്‍കൂറായിത്തന്നെ നല്‍കി. പുതുവര്‍ഷത്തില്‍ പുത്തന്‍ ഉടുപ്പണിഞ്ഞ് വരാന്‍ കഴിയും വിധം യൂനിഫോം വിതരണം അവധിക്കാലത്ത് തന്നെ നടത്തി. പരീക്ഷകളടക്കമുള്ള വിലയിരുത്തലുകളില്‍ മികവുള്ളവരാക്കി മാറ്റുക എന്നതോടൊപ്പം, ജീവിതത്തെയും അതില്‍ ഉരുത്തിരിഞ്ഞു വരാവുന്ന പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന വിശാലലക്ഷ്യവും വിദ്യാഭ്യാസ മികവിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നു. ഇതിന് സഹായകമാകും വിധം വിദ്യാലയ അന്തരീക്ഷത്തെയും, പഠനപരിസരത്തെയും മതനിരപേക്ഷ ജനാധിപത്യമൂല്യം ഉള്‍ച്ചേര്‍ന്നതാക്കാനുള്ള കര്‍മ പരിപാടികള്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാണ്. പഠന ബോധന രീതിയും ഇതിന് അനുപൂരകമാകും.
മാനവരാശി കണ്ടെത്തുന്ന എല്ലാ അറിവും അതിന്റെ പ്രയോജനവും എല്ലാവര്‍ക്കും അനുഭവവേദ്യമാകണം എന്നതാണ് നമ്മുടെ നിലപാട്. ഈ നിലപാടിന്റെ പ്രായോഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ക്ലാസ് മുറികളെയും ഹൈടെക്കാക്കി മാറ്റുന്നത്. 8 മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികളില്‍ 38,000ല്‍ അധികം ക്ലാസ് മുറികള്‍ സാങ്കേതിക വിദ്യാ സൗഹൃദ ക്ലാസ് മുറികളാക്കി മാറ്റിക്കഴിഞ്ഞു. സുരക്ഷിതത്വവും, ആവശ്യമായ സൗകര്യങ്ങളും ഇനിയും ഉറപ്പാക്കാനുള്ള ക്ലാസ് മുറികള്‍ മാത്രമെ സെക്കന്ററി തലത്തില്‍ സാങ്കേതിക വിദ്യാസൗഹൃദ ക്ലാസ് മുറികള്‍ ആക്കി മാറ്റാന്‍ ബാക്കിയുള്ളൂ.
പ്രൈമറി തലത്തിലെ കുട്ടികള്‍ക്കും സാങ്കേതിക വിദ്യാസഹായത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
തോല്‍പിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തെ (ആലമ േജഹമേെശര ജീഹഹൗശേീി) എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസരദിന സന്ദേശം. കേരളത്തെ സംബന്ധിച്ച് ഏറ്റവും അര്‍ഥപൂര്‍ണമായ സന്ദേശമാണിത്. വേനലവധി അധ്യാപകരെ സംബന്ധിച്ച് ആസൂത്രണ പരിശീലനകാലമായിരുന്നു.
സെക്കന്ററിതലംവരെ എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കി. ഇതൊക്കെ സൂചിപ്പിക്കുമ്പോഴും തിരുത്തപ്പെടുത്തേണ്ട ചില കാര്യങ്ങളുമുണ്ട്. സ്വകാര്യ ട്യൂഷനും, ഗൈഡ് സംസ്‌കൃതിയും അടക്കമുള്ള അനഭിലഷണീയ പ്രവണതകള്‍ ഇനിയും മാറേണ്ടതുണ്ട് എന്ന അഭിപ്രായം വിദ്യാഭ്യാസരംഗത്ത് സജീവമായി പങ്കെടുക്കുന്ന നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്വകാര്യ ട്യൂഷന്‍, വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുവെങ്കില്‍ അത് ചൂണ്ടിക്കാട്ടിയാല്‍ തീര്‍ച്ചയായും പരിഹാരം കാണും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. വികസന സെമിനാറുകള്‍, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍വികസനം, രക്ഷാകര്‍ത്തൃ വിദ്യാഭ്യാസം, മികവുത്സവങ്ങള്‍ എന്നിവയെല്ലാം സമൂഹ പങ്കാളിത്തത്തിന്റേതായ അന്യമാതൃകകളായിരുന്നു. ജനപ്രതിനിധികളുടെയും തദ്ദേശഭരണ സംവിധാനങ്ങളുടെയും ഭാഗത്തു നിന്നു വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
കഴിഞ്ഞവര്‍ഷം നമ്മുടെ പ്രവര്‍ത്തനത്തിന് വലിയ പിന്തുണയാണ് രക്ഷാകര്‍ത്തൃ സമൂഹം നല്‍കിയത്. 1.5 ലക്ഷത്തിനടുത്ത് കുട്ടികളാണ് അധികമായി വന്നു ചേര്‍ന്നത്. ഒന്നാംവര്‍ഷം പ്രശ്‌നാപഗ്രഥനം നടത്തി; രണ്ടാംവര്‍ഷം ആസൂത്രണ ഘട്ടമായിരുന്നു. അതോടൊപ്പം ഗുണമേന്മക്കായുള്ള പ്രവര്‍ത്തനങ്ങളും നടന്നു. ഈ അക്കാദമിക വര്‍ഷം പ്രയോഗത്തിന്റേതാണ്. അതുകൊണ്ടാണ് മികവിന്റെ വര്‍ഷമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം സാര്‍ഥകമാകണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ച് മികവിനായി അണിചേരാന്‍ കഴിയണം. ഈ അണിചേരലിന്റെ പുതു ദിനമാകട്ടെ ജൂണ്‍ 1 ന്റെ പ്രവേശനദിനം. കുട്ടികള്‍ക്കാണെങ്കില്‍ മികവാര്‍ന്ന പഠനത്തിനായുള്ള മുന്നേറ്റത്തിന്റെ തുടക്കവുമാകട്ടെ പ്രവേശനോത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."