മാംസ നിരോധനം: യു.പിയില്‍ ആഡംബര കല്യാണത്തിനു വിളമ്പിയത് പച്ചക്കറി ബിരിയാണി!
ലക്നൗ: യു.പിയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മാംസ നിരോധനം അവിടുത്തെ മാംസാഹാരികള്‍ എങ്ങനെ താങ്ങുന്നുവെന്നാണ് ഇപ്പോഴത്തെ എല്ലാവരുടേയും സംശയം. അതു താങ്ങാനാവാത്തതാണെന്നു തന്നെയാണ് അവിടെയുള്ളവരുടെ പ്രതികരണം. കേളികൊട്ടി നടത്തുന്ന കല്യാണത്തിനു പോലും വെറും പച്ചക്കറി ബിരിയാണി വിളമ്പേണ്ട അവസ്ഥയിലാണിപ്പോള്‍ യു.പിക്കാര്‍.
ഇന്നലെ മൊറാദാബാദിലെ സമ്പന്ന മുസ്ലിം കുടുംബത്തിലെ അത്യാഡംബര കല്യാണത്തിനെത്തിയവര്‍ക്ക് ലഭിച്ചത് പച്ചക്കറി ബിരിയാണിയാണ്. സാധാരണ മട്ടണ്‍, ബീഫ്, ചിക്കന്‍ ബിരിയാണികള്‍ കൊണ്ട് ആവേശം കൊള്ളാറുള്ള ഇവര്‍ക്ക് ഇപ്പോള്‍ പച്ചക്കറി ബിരിയാണി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
തനതായ മാംസ ബിരിയാണിക്ക് കേളികേട്ട നാടാണ് മൊറാദാബാദ്. ആലം ബിരിയാണി ഷോപ്പിലെ ബീഫ് ബിരിയാണിയെന്നു കേട്ടാല്‍ വായില്‍ വെള്ളമൂറുമെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവു വന്നതോടെ ആലം ബിരിയാണിക്കടയ്ക്കും താഴിട്ടു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാണ്. ഇറച്ചി കച്ചവടക്കാരും കശാപ്പുകാരും ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇറച്ചി കയറ്റുമതി മേഖലയിലും വലിയ പ്രത്യാഘാതം നേരിട്ടിരിക്കുകയാണിപ്പോള്‍.
അതേസമയം, അയല്‍ സംസ്ഥാനമായ ഡല്‍ഹിയില്‍ മാംസത്തിന്റെ വില കുതിച്ചുയര്‍ന്നു. യു.പിയില്‍ ലഭിക്കാതെ വന്നതോടെയാണിത്. മാംസ നിരോധനത്തിനു പിന്നാലെ കല്യാണ വീടുകളിലുള്ള മറ്റും പൊലിസ് റെയ്ഡ് ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."