നഗരത്തിരക്കില്‍ മരണമുഖത്ത് കിടന്നു അവര്‍ കൈ നീട്ടി; തിരിഞ്ഞു നോക്കാതെ ആള്‍ക്കൂട്ടം
മുംബൈ: വാഹനങ്ങളും മനുഷ്യരും പരക്കം പായുന്ന നഗരത്തിരക്കില്‍ മരണമുഖത്തു കിടന്ന് ആ ചെറുപ്പക്കാര്‍ കൈ നീട്ടി. കരുണയുടെ ഒരു ചെറു നോട്ടമെങ്കിലും തങ്ങള്‍ക്കു മേല്‍ പതിയുമെന്ന വല്ലാത്ത മോഹത്തോടെ. എന്നാല്‍ അവരില്‍ നിന്നും ഒഴുകിപ്പരക്കുന്ന രക്തച്ചാലുകള്ക്കു മേല്‍ ചവിട്ടി ആ ജനക്കൂട്ടം നടന്നു നീങ്ങി. ഒരു കൈ പോയിട്ട്, അലക്ഷ്യമായ ഒരു നോട്ടം പോലും അവര്‍ക്കു മേല്‍ പതിപ്പിക്കാതെ.
മുംബൈ നഗരത്തിലാണ് മനുഷ്യത്വത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്ന സംഭവമുണ്ടായത്. ബാന്ദ്രയിലെ റിസ്വി കോളജ് വിദ്യാര്‍ഥികള്‍ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ ഒരു അപകടത്തില്‍ പെട്ടതാണ് സംഭവം. കുഞ്ഞുന്നാള് മുതലേ കൂട്ടുകാരായിരുന്ന സാദ് തിരന്ദാസും ബിലാല്‍ അന്‍സാരിയുമാണ് അപകടത്തില്‍ പെട്ടത്. മോട്ടോര്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു.
അപകടം പറ്റി മണിക്കൂറുകളോളം കിടന്ന ഇവരെ രാത്രി പട്രോളിങ്ങിനെത്തിയ പൊലിസുകാരനാണ് ആശുപത്രിയിലെത്തിച്ചത്. വൈകുന്നേരമാണ് അപകടം നടന്നത്. അപകട സമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പൊലിസ് പറയുന്നു.
അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒരാള്‍ പോലും ഇവരെ സഹായിക്കാനോ പൊലിസില്‍ അറിയിക്കാനോ തയ്യാറായില്ലെന്നും പൊലിസ് പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."