'ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ?' ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പുറത്തു വിട്ടതിനെതിരെ സാക്ഷി
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ പുറത്താക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാര്യ സാക്ഷി. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സഹായിക്കുന്ന ഏജന്‍സിയാണ് ധോണിയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയത്.
ഇതിനെതിരെ ഇന്‍ഫര്‍മേഷന്‍ അന്റ് ടെക്‌നോളജി മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് സാക്ഷി ട്വിറ്ററില്‍ പരാതിപ്പെട്ടു. ധോണി ആധാര്‍ എടുക്കുന്ന ഫോട്ടോയുള്‍പെടെ നല്‍കിയുള്ള രവി ശങ്കര്‍ പ്രസാദിന്റെ ട്വീറ്റിനോടും സാക്ഷി രൂക്ഷമായി പ്രതികരിച്ചു.
'ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ. അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു'. നിരാശ പ്രകടിപ്പിക്കുന്ന ഹാഷ് ടാഗുമായുള്ള ട്വീറ്റായിരുന്നു സാക്ഷിയുടെ പ്രതികരണം.
ഏജന്‍സിയുടെ ട്വീറ്റാണ് സാക്ഷിയെ രോഷാകുലയാക്കിയത്. ട്വീറ്റില്‍ രവി ശങ്കര്‍ പ്രസാദിനെ ടാഗു ചെയ്യുകയും ചെയ്തിരുന്നു. ട്വീറ്റിനൊപ്പം ആധാര്‍വെബ്‌സൈറ്റില്‍ ധോണിയുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെട്ട ഫോം ഉള്‍പ്പെടെ രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. ട്വീറ്റ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
'അല്ല ഇത് പൊതുമുതലല്ല. ഈ ട്വീറ്റ് എതെങ്കിലും വ്യക്തിപരമായ വിവരം പുറത്തുവിടുന്നുണ്ടോ?' എന്നായിരുന്നു രവി ശങ്കര്‍ പ്രസാദിന്റെ മറുപടി.
ഇതോടെ കാര്യം വിശദീകരിച്ച് സാക്ഷി രംഗത്തെത്തി. നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."