പള്ളികള്‍ റമദാന് വിടചൊല്ലി
കണ്ണൂര്‍ സിറ്റി: പുണ്യങ്ങളുടെ പൂക്കാലം വിടപറയാന്‍ ഏതാ നും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളില്‍ ഖത്തീബുമാര്‍ റമദാന് വിടചൊല്ലി. അവസാന വെള്ളിയും ഏറെ പുണ്യം നിറഞ്ഞതും ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമുള്ളതുമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ് കൂടിയായതിനാല്‍ പാപമോചനത്തിനും പരലോക വിജയത്തിനായുള്ള പ്രാര്‍ഥനയുമായി ആയിരങ്ങളാണ് പള്ളികളില്‍ എത്തിച്ചേര്‍ന്നത്. മിക്ക പള്ളികളും വിശ്വാസികളെ കൊണ്ട് നിറഞ്ഞു.
ലൈലത്തുല്‍ ഖദ്‌റിറിന്റെ രാത്രിയില്‍ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ആയിരം മാസം (83 വര്‍ഷവും ആറ് മാസവും) തുടര്‍ച്ചയായി ആരാധനകളില്‍ ഏര്‍പ്പെട്ടതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. മാലാഖമാര്‍ വിണ്ണിലിറങ്ങി അനുഗ്രഹം ചൊരിയുമെന്നും മരണപ്പെട്ട ബന്ധുമിത്രാദികളുടെ ആത്മാക്കള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും വിശ്വാസമുണ്ട്.
പുണ്യാത്മാക്കളുടെ അന്ത്യവിശ്രമ സ്ഥലങ്ങളും ബന്ധുമിത്രാദികളുടെ ഖബറുകളും സന്ദര്‍ശിച്ച് അവര്‍ക്കായി പ്രാര്‍ഥന നടത്തിയും ഇരുപത്തിയേഴാം രാവില്‍ വിശ്വാസികള്‍ കഴിഞ്ഞുകൂടി. ഇഫ്താര്‍ വിരുന്ന് മുതല്‍ ഇടയത്താഴ ഭക്ഷണം വരെ വിശ്വാസികള്‍ക്കായി പല പള്ളികളിലും ഒരുക്കിയതിനാല്‍ രാത്രിയിലെ തറാവിഹ് നമസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാതെ പളളിയില്‍ ഇഹ്തിഖാഫ് (ഭജന) ഇരുന്ന് സുബ്ഹി നിസ്‌കാരവും കഴിഞ്ഞാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. വിശ്വാസികള്‍ നാളെ മുതല്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."