ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാനുളള സി.പി.എം ശ്രമത്തെ പ്രതിരോധിക്കും: മുസ്ലിം ലീഗ്
കണ്ണൂര്‍: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ കേസിലെ പ്രതികളും അഡ്വക്കറ്റ് ജനറലും നടത്തിയ ഗൂഡശ്രമം കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം.
ഇരകള്‍ക്ക് നീതി നേടികൊടുക്കാന്‍ ബാധ്യസ്ഥനായ അഡ്വക്കറ്റ് ജനറല്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഹൈകോടതിയിലെടുത്തത് അപലപനീയമാണ്. സര്‍ക്കാറുകള്‍ മാറിവന്നാലും ക്രിമിനല്‍ നിയമനടപടിയും കേസ് അന്വേഷണവും വിചാരണയുമൊക്കെ തുടര്‍പ്രക്രിയയാണ്.
എന്നാല്‍ ശുക്കൂര്‍ കേസ് സി.ബി.ഐക്ക് നല്കി കൊണ്ട് മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റാണെന്ന രീതിയില്‍ കോടതിയില്‍ നിലപാടെടുക്കുക വഴി സി.പി.എം പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തിയായി മാറുകയായിരുന്നു അഡ്വക്കറ്റ് ജനറല്‍. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുമെന്ന് നേതൃയോഗം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ.എം ഷാജി എം.എല്‍.എ, വി.പി വമ്പന്‍, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, കെ.പി താഹിര്‍, പി.കെ സുബൈര്‍, സി.കെ നജാഫ്, അബ്ദുല്‍ കരീം ചേലേരി, അഡ്വ. കെ.എ ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."