യുവദമ്പതികള്‍ ആശുപത്രി വിട്ടു; ഇനി വീട്ടില്‍ നിരീക്ഷണം
സ്വന്തം ലേഖകന്‍
ഗാന്ധിനഗര്‍ (കോട്ടയം): കൊവിഡ് 19 ഭേദമായതിനെ തുടര്‍ന്ന് യുവദമ്പതികള്‍ ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവാര്‍പ്പ് ചെങ്ങളം സ്വദേശികളായ ദമ്പതികളെയാണ് രോഗമുക്തരായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
21 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് നഴ്‌സുമാരായ ഇവരുടെ വീട്ടിലേക്കുള്ള മടക്കം. ഇന്നലെ രാവിലെ 11ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നടപടിക്രമം പൂര്‍ത്തീകരിച്ച് വൈകിട്ടാണ് ആശുപത്രി വിട്ടത്. ഇവരോടൊപ്പം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാലര വയസുള്ള ഏക മകള്‍ക്ക് അസുഖം ബാധിച്ചിരുന്നില്ല. മാര്‍ച്ച് എട്ടിനായിരുന്നു ദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പിതാവിന്റെ വയോധികരായ മാതാപിതാക്കളെയും കൊവിഡ് ബാധയെ തുടര്‍ന്ന് അന്നുതന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വയോധികര്‍ക്കും യുവദമ്പതിമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടുദിവസം കൂടുമ്പോള്‍ നടത്തിക്കൊണ്ടിരുന്ന പരിശോധനയുടെ മൂന്നുഘട്ടത്തിലും പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 18,20 തിയതികളില്‍ നടത്തിയ പരിശോധനയില്‍ യുവദമ്പതികള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തി. എന്നാല്‍, വയോധികരുടെ നില പോസിറ്റീവായി തുടരുകയാണ്. ഇതിനിടയില്‍ ഹൃദയാഘാതം, ശ്വാസംമുട്ടല്‍ രോഗങ്ങള്‍ മൂലം വയോധികരുടെ ആരോഗ്യനില വഷളായി. യഥാക്രമം 93, 87 വയസ് പ്രായമുള്ള ഇവരെ രോഗവിമുക്തരാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇറ്റലിയില്‍ നിന്നെത്തിയ ഭാര്യയുടെ മാതാപിതാക്കളെയും സഹോദരനെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്തനംതിട്ട റാന്നിയിലെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് യുവദമ്പതികള്‍ക്ക് രോഗം പകര്‍ന്നത്. ആശുപത്രി വിട്ടെങ്കിലും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിതദിവസം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."