കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശന കവാടം: ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്യും
കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശനകവാടം നിര്‍മാണം പൂര്‍ത്തീകരിച്ച് ഒക്‌ടോബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ സന്ദര്‍ശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്തതിനു ശേഷമാണ് എം.പി ഇക്കാര്യമറിയിച്ചത്.
ബുക്കിങ് ഓഫിസ്, സര്‍ക്കുലേറ്റിങ് ഏരിയ, ആറ് പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന എഫ്.ഒ.ബി, പാര്‍ക്കിങ് ഏരിയ, രണ്ട് ലിഫ്റ്റുകള്‍, രണ്ട് എസ്‌കലേറ്റര്‍ തുടങ്ങി പതിനൊന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബറോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. രണ്ടാം പ്രവേശനകവാടത്തിന്റെ ഭാഗമായ ബുക്കിങ് ഓഫിസ്, സര്‍ക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ഫുട്ഓവര്‍ ബ്രിഡ്ജില്‍ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിര്‍മാണമാണ് അവശേഷിക്കുന്നത്. കരാറില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തി ചെയ്യേണ്ടിവന്നതിനാലും കാലാവസ്ഥ പ്രതികൂലമായതുകൊണ്ടുമാണ് കാലതാമസമുണ്ടാകുന്നതെന്ന് ഡി.ആര്‍.എം വിശദീകരിച്ചു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രവേശനകവാടത്തിന്റെയും അനുബന്ധ മതിലിന്റെയും പ്രവൃത്തിയും രണ്ടാം പ്രവേശനകവാടത്തോടൊപ്പം പൂര്‍ത്തീകരിക്കും. റെയില്‍വേ സ്റ്റേഷനില്‍ 32 മീറ്റര്‍ നീളത്തില്‍ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 52 ലക്ഷം രൂപ മുടക്കി പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിതിട്ടുണ്ട്. 27 ലക്ഷം രൂപയുടെ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ് ഷെഡിലേക്കുള്ള റോഡ് നിര്‍മാണം, കൂടുതല്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കല്‍, പുതിയ പാഴ്‌സല്‍ ഓഫിസ് നിര്‍മാണം എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊല്ലത്തിനും മയ്യനാടിനുമിടക്കുള്ള നാല് റെയില്‍വേ ക്രോസുകള്‍ മാറ്റി മേല്‍പാലം നിര്‍മിക്കുന്ന പ്രവൃത്തിയുടെ ഭരണപരമായ നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിക്കുന്ന മുറക്ക് മയ്യനാട് റെയില്‍വേ മേല്‍പാലത്തിന്റെ അനുമതിക്കായി നടപടി സ്വീകരിക്കും.
അതേസമയം പെരിനാട് അടിപ്പാതയുടെ കരാര്‍ നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ റെയില്‍വേ ട്രാക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതുകൊണ്ടും വൈകി ഓടുന്ന ട്രെയിനുകള്‍ വീണ്ടും വൈകിപ്പിക്കുവാനുള്ള സാങ്കേതിക തടസവും കാരണം നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് നിര്‍മാണം ആരംഭിക്കും.
ഇരവിപുരം റെയില്‍വേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ പുതുക്കിപ്പണിയലിനും ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കുന്നതിനും ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനുമായി 2.25 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ 4.35 കോടി രൂപയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. രണ്ടാം പ്ലാറ്റ്‌ഫോം നീട്ടുന്നതിനും പ്ലാറ്റ്‌ഫോമുകളുടെ ഉയരവും നീളവും വര്‍ധിപ്പിക്കുന്നതിനും ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനും സ്റ്റേഷനും അപ്രോച്ച് റോഡും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 3.1 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.26 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. പ്ലാറ്റ്‌ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കുന്നതിനും ട്രോളിപാത്ത് നിര്‍മിക്കുന്നതിനും സ്റ്റേഷനും സര്‍ക്കുലേറ്റിങ് ഏരിയയും നവീകരിക്കുന്നതിനായി 1.24 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പുതിയതായി സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ആവശ്യപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.കെ സിന്‍ഹ, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ അജയ് കൗശിഖ്, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ രംഗരാജന്‍, ദക്ഷിണ മേഖലാ ഡിവിഷണല്‍ എന്‍ജിനീയര്‍ കാര്‍ത്തിക്, അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ ശ്രീധര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ അജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."