അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്ക് രണ്ട് കമ്പനിയെത്തുന്നു
പാറക്കടവ്: ചെക്യാട് കുറുവന്തേരി അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്ക് രണ്ട് കമ്പനി അതിര്‍ത്തി രക്ഷാ സേനയിലെ അംഗങ്ങള്‍ കൂടി എത്തുന്നു. നേരത്തേ ഇവിടെയുള്ള കമ്പനികളെല്ലാം പിന്‍വലിച്ചിരുന്നു. വളരേ കുറഞ്ഞ അംഗങ്ങള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
പുതിയ സേനകള്‍ എത്തുന്നതിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡി.ഐ.ജി ബി.എസ്.എഫ് കേന്ദ്രം സന്ദര്‍ശിച്ചു. ബി.എസ്.എഫ് ഡി.ഐ.ജി ആര്‍.കെ സിങ്, കമാന്‍ഡന്റ് എം.എ ജോയി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. പുതിയ രണ്ട് കമ്പനിയില്‍ 300 അംഗങ്ങള്‍ അടങ്ങിയ സേന ജൂണ്‍ അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെക്യാട് പഞ്ചായത്തിലെ അരീക്കരക്കുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 55 ഏക്കറോളം വരുന്ന ഭൂമിയിലാണ് ബി.എസ്.എഫ് കേന്ദ്ര നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആയിരത്തില്‍പരം സേനാംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജവാന്മാര്‍ക്കുള്ള ബാരക്‌സുകള്‍, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള ഫ്‌ളാറ്റുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ആയുധപ്പുര, ബാങ്ക്, ഷോപ്പിങ് കോംപ്ലക്‌സുകള്‍ ട്രൈഡ്‌സ്മാന്‍ ഷോപ്പ്, കോണ്‍ഫറന്‍സ് ഹാള്‍, വാഹന ഗ്യാരേജുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. പ്രധാന റോഡിന്റെയും, കേന്ദ്രീയ വിദ്യാലയത്തിന്റെയും നിര്‍മാണം ബാക്കിയാണ്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കിന്റെയും, ക്യാംപിനകത്തെ റോഡു നിര്‍മാണവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അറുപത് കോടിയോളം രൂപ ഇതിനോടകം വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.
കുടിവെള്ള പ്രശ്‌നവും, വൈദ്യുതി ലൈന്‍ വലിക്കാന്‍ ഇലക്ട്രിക്ക് പോസ്റ്റുകളുടെ ലഭ്യതക്കുറവും കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് വിലങ്ങു തടിയായി നില്‍ക്കുകയാണ്.സേനാ കേന്ദ്രത്തിന് താഴെയായി കായലോട്ട് താഴെ പുഴയോരത്ത് സ്ഥലം വാങ്ങി കിണര്‍ കുഴിച്ചിരുന്നു. എന്നാല്‍ ക്യാംപിലേക്കാവശ്യമായ കുടിവെള്ളത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ഇവിടെ നിന്ന് ലഭ്യമാകുന്നുള്ളൂ. മഴക്കാലത്ത് ആവശ്യമായ ജലം ലഭിക്കുമെന്നതിനാല്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ സൈനികര്‍ ക്യാംപിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."