HOME
DETAILS
MAL
വിപണി നിര്‍മിക്കുന്ന മൂല്യ മാനകങ്ങള്‍
backup
March 28 2020 | 19:03 PM
അന്തരിച്ച ചലച്ചിത്ര നിര്‍മാതാവ് യോനാസ് മെകാസുമായി കൂട്ടുചേര്‍ന്ന് രൂപീകൃതമായ ന്യു അമേരിക്കന്‍ സിനിമ ഗ്രൂപ്പ് എന്ന ചലച്ചിത്ര നിര്‍മാണസംഘം അമേരിക്കയിലെ പ്രശസ്ത കലാസംഭരണകേന്ദ്രമായ പാഢില്‍8നെതിരെ കഴിഞ്ഞ നവംബര്‍ മാസത്തില്‍ തങ്ങള്‍ക്ക് വേണ്ടി നടത്തിയ കലാലേലത്തിലെ പണം തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് ന്യൂയോര്‍ക് സ്‌റ്റേറ്റ് പരമോന്നത കോടതിയില്‍ ആക്ഷേപം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാഢില്‍8 തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയിരിക്കുന്നു. അമേരിക്കയിലെ സമകാലിക ചിത്രകാരന്മാരില്‍ പ്രസിദ്ധരായ ജോണ്‍ അഹ്‌യേന്‍, കികി സ്മിത്, ടോം ഒട്ടര്‍നെസ്സ്, യോനസ് മെകാസ്, ജിം ജാമുഷ്, വാള്‍ട്ടര്‍ റോബില്‍സണ്‍ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങള്‍ കലാലേലത്തില്‍ ഉണ്ടായിരുന്നു. ന്യു അമേരിക്കന്‍ സിനിമ ഗ്രൂപ്പിന്റെ കാരുണ്യ പ്രവര്‍ത്തന വിഭാഗമാണ് പാഢില്‍8ന്റെ നേതൃത്വത്തില്‍ കലാലേലം സംഘടിപ്പിച്ചതെങ്കിലും പാഢില്‍8നായിരുന്നു ലേലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുളള പരിപാടിയായതിനാല്‍ ചിത്രകാരന്മാരെല്ലാം തങ്ങളുടെ രചനകള്‍ സമഭാവനയായി നല്‍കുകയായിരുന്നു. വന്‍ വില്‍പന നടന്ന ലേലത്തില്‍ പിരിഞ്ഞു കിട്ടുന്ന തുക ന്യു അമേരിക്കന്‍ സിനിമാ ഗ്രുപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെന്നാണ് കണക്ക്. എന്നാല്‍ കലാലേലം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് പണം കിട്ടിയിട്ടില്ലെന്നാണ് സിനിമ ഗ്രൂപ്പിന്റെ പരാതി. എന്നാല്‍ കാര്യങ്ങള്‍ ഏറ്റവും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് പാഢില്‍8ന്റെ ബോര്‍ഡ് ഡയറക്റ്റര്‍ പീറ്റര്‍ റിച്ച് പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം ലേലത്തില്‍ പങ്കെടുത്ത് വന്‍ തുകക്ക് ചിത്രങ്ങള്‍ വാങ്ങിയ കലാശേഖരണക്കാര്‍ തങ്ങളുടെ പണം കൈപ്പറ്റിയിട്ടും പാഢില്‍8 എന്തുകൊണ്ടാണ് തങ്ങള്‍ വാങ്ങിയ കലാസൃഷ്ടികള്‍ തങ്ങള്‍ക്ക് തരാന്‍ മടിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. യഥാര്‍ഥത്തില്‍ കലാസൃഷ്ടികള്‍ ആരുടെ കൈവശമാണെന്ന് വാങ്ങിയവര്‍ക്കുമറിയില്ല. ലേലത്തിന് വേണ്ടി കലാകാരന്മാരില്‍ നിന്ന് കലാസൃഷ്ടികള്‍ സംഘടിപ്പിച്ചത് പാഢില്‍8 ആയിരുന്നില്ല. അതിന്റെ ഉത്തരവാദിത്വം ന്യു അമേരിക്കന്‍ സിനിമ ഗ്രൂപ്പിനായിരുന്നു. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ വാങ്ങിയവര്‍ക്ക് നല്‍കേണ്ടത് സിനിമ ഗ്രൂപ്പാണ് എന്നുളളത് യഥാര്‍ഥത്തില്‍ പാഢില്‍8നെ ആശ്വസിപ്പിക്കുന്നുണ്ടാവും.
പാഢില്‍8 അമേരിക്കയിലെ പേരും പെരുമയുമുളള കലാശേഖരണ കേന്ദ്രമാണ്. നല്ല സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുളള കലാലേലങ്ങള്‍ നടത്തി കലാസ്വാദകരുടെ വിശ്വാസം നേടിയ സ്ഥാപനമാണ്. എന്നിട്ടും സാമ്പത്തികമായി വഞ്ചന കാണിച്ചെന്ന ആരോപണം നേരിടേണ്ടി വരുന്നതിലെ വൈരുധ്യമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ഈയടുത്ത കാലത്താണ് വലന്റൈന്‍ ഉഹോവ്‌സ്‌കിയെ അതിന്റെ പുതിയ മുഖ്യഭരണാധികാരിയായി നിയോഗിച്ചത്. അദ്ദേഹം വരുന്നതിന് മുമ്പ് രണ്ട് കൊല്ലം ആ സ്ഥാനം വഹിച്ചിരുന്ന ഇസബെല്ല ദെപെസ്യക് യൂറോപ്പിലും ഏഷ്യയിലും തങ്ങളുടെ വ്യപാരം വികസിപ്പിക്കുന്നതിന്റെ ചുമതലയിലേക്ക് മാറിയതിനാലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ വരവ് പാഢില്‍8നെ തകര്‍ക്കുമോ എന്ന ഭയത്തിലാണ് ഓഹരിയുടമകള്‍ ഇപ്പോള്‍ എങ്കിലും ഉഹോവ്‌സ്‌കിയെക്കുറിച്ച് ശുഭപ്രതീക്ഷയിലാണ് ഇസബെല്ല. താന്‍ വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ രണ്ട് കൊല്ലത്തിനുളളിന്‍ സ്ഥാപനത്തിന്റെ സമഗ്രമായ വളര്‍ച്ചയായിരുന്നു തന്റെ ലക്ഷ്യം. അതില്‍ ഞാന്‍ വിജയിച്ചെന്നുതന്നെ കരുതുന്നു. സ്ഥാപനത്തിന്റെ മേലോട്ടുളള വളര്‍ച്ചയെ ദീര്‍ഘ വീക്ഷണത്തോടെ ഏറ്റെടുക്കാനുളള കഴിവുളളയാള്‍ തന്നെയാണ് ഉഹോവ്‌സ്‌കി യെന്ന് ഇസബെല്ല കരുതുന്നു. അവിശ്വസനീയമാംവിധം വളര്‍ച്ച കൈവരിക്കാന്‍ കഴിവുളള വിസ്മയകരമായ ഒരു സ്ഥാപനമാണിത് എന്ന ഉഹോവ്‌സ്‌കിയുടെ പ്രശംസയെ ചിലരൊക്കെ ഗൗരവമായി കാണുന്നുണ്ട്. തങ്ങള്‍ പണം നല്‍കാനുണ്ടെന്നുള്ളത് സത്യമാണെന്ന് അതിന്റെ ഡയറക്ടറായ പീറ്റര്‍ റീച്ച് സമ്മതിക്കുമ്പോഴും എല്ലാ സങ്കീര്‍ണതകളും ഏറ്റവും പെട്ടെന്ന് പരിഹരിക്കുമെന്ന് തന്നെ അദ്ദേഹം കരുതുന്നു. പാഢില്‍8നെ അന്താരാഷ്ട തലത്തില്‍ വികസിക്കാനാവശ്യമായ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്ന സമയ മാണിത്. പ്രമുഖകോര്‍പറേറ്റ് കേമന്മാരായ മീഡിയ ഓര്‍ഗനൈസേഷന്‍സ്, പേരുകേട്ട ഫൗണ്ടേഷന്‍സ് തുടങ്ങിയവരുമായി അന്താരാഷ്ട്രതലത്തില്‍ പാഢില്‍8ന്റെ പ്രവര്‍ത്തനം വ്യാപിക്കാനാവശ്യമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്ന ഈ സമയത്ത് ഇത്തരമൊരു നടപടിയുടെ സാധൂകരണമാണ് പലരും അന്വേഷിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിച്ച ലേലത്തിന്റെ പണം തിരിമറി നടത്തി കൃത്രിമ കാണിച്ചുവെന്നത് ഗുരുതരമായ ഒരാരോപണമാണ് ഈ സമയത്ത്. അതിനെ നേരിടാന്‍ എന്ത് പ്രതിവിധിയാണ് ഉണ്ടാവുകയെന്ന് നോക്കിയിരിക്കെയാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. അതേസമയം ന്യു അമേരിക്കന്‍ സിനിമ ഗ്രൂപ്പിന് മാത്രമല്ല പോപ് താരം ജസ്റ്റിന്‍ ബീബറിനും ഭാര്യ ഹലേ ബീബറിനും വലിയ തുക കൊടുക്കാനുണ്ടെന്നുകൂടിയുളള ആരോപണങ്ങള്‍ക്കൂടി പാഢില്‍8നെതിരെ ഉയരുന്നതും വലിയ ആശങ്ക ഉയര്‍ത്തുമ്പോഴും താന്‍ സ്ഥാപനത്തെ പൂര്‍വാധികം ഉന്നതിയിലേയ്ക്ക് കൊണ്ടു പോകുമെന്ന വാഗ്ദാനവുമായാണ് ഉഹോവ്‌സ്‌കി അധികാരത്തില്‍ തുടരുന്നത്. അതിനായി ചിത്രകാരന്മാരുള്‍പ്പെടെ പല വന്‍കിട സ്ഥാപനങ്ങളുമായും പങ്കാളിത്ത മൂലധന സമാഹരണം നടത്തി സ്ഥാപനം സാംസ്‌കാരിക വിപണന രംഗത്ത് ഉറച്ചു നില്‍ക്കുമെന്ന് തന്നെയാണ് ഉഹോവ്‌സ്‌കിയുടെ വാക്കുകള്‍ നല്‍കുന്ന ഉറപ്പ്. പാഢില്‍8നെ പാപ്പരായി പ്രഖ്യാപിക്കുന്നതിലൂടെ അത് കൊടുക്കാനുള്ള കടങ്ങള്‍ കൊടുക്കാതിരിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാവാം സ്ഥാപനത്തിന്റെ സാരഥികള്‍. മുതലാളിത്തത്തിന് പല വഴികളുണ്ട് നിലനില്‍ക്കാന്‍. സമ്പന്ന രാജ്യങ്ങള്‍ അതിന്റെ മുതലാളിത്ത മുഖം മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോഴും അത് ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷമാകുകയാണിന്ന് കൂടുതല്‍ ശോഭയോടെ.
കലാകാരന്‍ സാമൂഹികപ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന ആധുനികതയുടെ ആരംഭകാലത്തുടലെടുത്ത ചിന്തകളെ സമര്‍ത്ഥമായി തകര്‍ത്തത് ഉത്തരാധുനികതയുടെ പുകമറയില്‍ ഒളിച്ചിരുന്ന മുതലാളിത്തം തന്നെയായിരുന്നു. വിപണിമൂല്യത്തെ ആശ്രയിച്ച് കലയുടെ മൂല്യത്തെ അളക്കാനുളള മാനകങ്ങള്‍ ഉണ്ടാകുന്നതും മുതലാളിത്തത്തിന്റെ കുടിലത തന്നെ. ഇന്ന് തങ്ങളുടെ സൃഷ്ടികളെ ഒരു ഉല്‍പ്പന്നമാക്കി വിപണിമൂല്യം നേടാനുളള തത്രപ്പാടിലാണ് ലോകമെമ്പാടുമുളള കലാകാരന്മാര്‍. സ്വയം വില്‍ക്കാനറിയാത്തവര്‍ അവരെത്ര പ്രതിഭയുള്ളവരായാലും പിന്തളളപ്പെടും. കലാവിപണനത്തിലേര്‍പ്പെട്ടിരിക്കുന്ന ലേലകേന്ദ്രങ്ങളും ഗാലറികളുമാണ് ഇന്ന് മഹാനായ കലാകാരന്മാരെ നിര്‍മിക്കുന്നത്. വിപണിയില്‍ കലാകാരന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ലേലകേന്ദ്രങ്ങളും കലാവില്‍പ്പനശാലകളും പരസ്പരം മത്സരിക്കുകയാണിന്ന്. ഈ മത്സരത്തിന്റെ ചുക്കാന്‍പിടിക്കുന്നത് ആര്‍ട് ക്യൂറേറ്റര്‍ എന്ന വിഭാഗത്തിലുളള കലാപരിപോഷകരാണ്. അവരുമായി ചില ചിത്രകാരന്മാര്‍ ഉണ്ടാക്കുന്ന അവിഹിതമായ ചില ബാന്ധവങ്ങളിലൂടെയാണ് കലാകാരന്മാര്‍ ശരവേഗത്തില്‍ വിപണിവല്‍ക്കരിക്കപ്പെടുന്നത്. വളരെ വിചിത്രവും അതേസമയം പരിതാപകരവുമായ സംഗതികളാണിവ കലയെ സംബന്ധിച്ച്. കലയുടെ യഥാര്‍ഥമൂല്യത്തെ നിരസിക്കുകയാണ് ഇതെങ്കിലും അത്തരം നിരീക്ഷണം പിന്തിരിപ്പനാണെന്നുകൂടി അടയാളപ്പെടുത്താന്‍ മുതലാളിത്തം മറന്നിട്ടില്ല. ലോകസമ്പദ് വ്യവസ്ഥയുടെ ശിരസ്സേറി നില്‍ക്കുകയാണ് തങ്ങളെന്ന് നെഗളിക്കുന്ന അമേരിക്കയിലെ പാഢില്‍8നെപ്പോലെ പങ്കാളിത്ത മുതലാളിത്തത്തിന്റെ ഭാഗമായി നിലനിന്നിരുന്ന പുകഴ്‌പെറ്റ ഒരു സ്ഥാപനം ഒരു സുപ്രഭാതത്തില്‍ പാപ്പരായി സ്വയം വിശേഷിപ്പിക്കുമ്പോള്‍ മുതലാളിത്തത്തിന്റെ സത്തയ്ക്കുളളില്‍ തന്നെ അതിന്റെ അന്തഃച്ഛിദ്രം സംഭവിപ്പിക്കാനുളള ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. ഇത്തരം അന്തഃച്ഛിദ്രങ്ങളുടെ വെളിച്ചത്തില്‍ വേണം മുതലാളിത്ത വ്യവസ്ഥിതിയെ പുല്‍കി ജീവിക്കുന്ന ഒരു സമൂഹമായ ഇറ്റലിയില്‍ കൊവിഡ്19 ഉണ്ടാക്കിയ വന്‍ദുന്തത്തിന്റെ ഉള്ളറകള്‍ വായിച്ചെടുക്കാന്‍. മൂന്നുലക്ഷത്തി ആയിരത്തിമുന്നൂറ്റിമുപ്പത്തിയെട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ആറു കോടി ആളുകളുമുളള ഇറ്റലിയിലെ ജനസാന്ദ്രതയുമായി താരതമ്യം ചെയ്യുമ്പോള്‍ മുപ്പത്തെണ്ണായിരത്തി എണ്ണൂറ്ററുപത്തിമൂന്ന് കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമുളള കേരളത്തില്‍ മൂന്നര കോടിയോളമാണ് ജനസംഖ്യ. ഇത്രയും ജനസാന്ദ്രതയുണ്ടായിട്ടും കൊവിഡ്19 പകരുന്നതില്‍ നാം കാണിക്കുന്ന ജനകീയ ജാഗ്രതയും ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന ഒരു കലാത്മക മാതൃകയാണെന്ന് എങ്ങനെ വിസ്മരിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."