കൊച്ചിയില്‍ മരിച്ച യാക്കൂബ് ഹുസൈന്റെ മൃതദേഹം കൈമാറിയത് മൂന്ന് പാളികളുള്ള ബാഗില്‍ പൊതിഞ്ഞ്
കൊച്ചി: കൊവിഡ് -19 രോഗത്തെ തുടര്‍ന്ന് മരിച്ച ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേഠിന്റെ മൃതദേഹം കൈമാറിയത് അതീവ സുരക്ഷയില്‍.
ഇന്നലെ മൂന്നുമണിക്കാണ് മൃതദേഹം ഖബറടക്കത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
മൂന്ന് പാളികളുള്ള ബാഗില്‍ പൊതിഞ്ഞാണ് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതശരീരം കൈമാറിയത്.
ആംബുലന്‍സില്‍ കയറ്റിയതുതൊട്ട് പൂര്‍ണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേല്‍നോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകള്‍. ആവശ്യമായ കൈയുറകളും മാസ്‌കുകളും ധരിച്ചായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാം കൈകാര്യം ചെയ്തത്. മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് ഖബറടക്കം നടത്തിയത്.
അടുത്ത ബന്ധുക്കള്‍ ആയ അഞ്ചുപേരും, സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചുപേരും, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി അഞ്ചു പേരും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു.
പ്രിയതമനെ അവസാനമായി കണ്ടത് വിഡിയോയിലൂടെ
കൊച്ചി: കൊവിഡ് -19 ബാധിച്ച് മരിച്ച പ്രയതമനെ അവസാനമായി ഭാര്യ കണ്ടത് വിഡിയോകോളിലൂടെ. വെള്ളിയാഴ്ച രാത്രി രോഗം അധികമായപ്പോള്‍ മുതല്‍ ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേഠിന്റെ ആരോഗ്യ നിലയെപ്പറ്റി ഭാര്യയെ അറിയിക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍ത്താവിനെ വിഡിയോ കോളിലൂടെ കാണാന്‍ അനുവദിക്കുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. കര്‍ശന സുരക്ഷയായതിനാല്‍ ഇവര്‍ക്ക് അത്യാസന്ന നിലയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിഡിയോ കോളിലൂടെ ഇവരെ ഭര്‍ത്താവിനെ കാണിച്ചത്. ഇന്നലെ മരിച്ചതിനു ശേഷവും ഇപ്രകാരം തന്നെയാണ് അവസാനമായി ഭര്‍ത്താവിന്റെ മുഖം ഭാര്യ കണ്ടത്. അവസാന നിമിഷങ്ങളില്‍ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മൃതദേഹം കിടന്ന ആശുപത്രി കെട്ടിടത്തിലെങ്കിലും നില്‍ക്കാന്‍ കഴിഞ്ഞല്ലോ എന്ന സമാധാനത്തിലാണ് ഇവര്‍.
കൊച്ചി/മട്ടാഞ്ചേരി :മഹാമാരിക്കെതിരേയുള്ള കടുത്ത പ്രതിരോധത്തിന്റെയും കരുതലിന്റെയും ഇടയില്‍ സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മട്ടാഞ്ചേരി ചുള്ളിക്കല്‍ പി.സി അഗസ്റ്റിന്‍ റോഡില്‍ സൂം റസിഡന്‍സിയില്‍ യാക്കൂബ് ഹുസൈന്‍ സേഠ്(69)ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16ന് ദുബൈയില്‍ നിന്നെത്തിയ ഇയാള്‍ ഫ്‌ളാറ്റില്‍ നിരീക്ഷണത്തിലായിരുന്നു. 22ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യുമോണിയ ലക്ഷണങ്ങളുമായി മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് നേരത്തെ നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇയാള്‍ നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ദുബൈയിലുള്ള മക്കളുടെ അനുമതി വാങ്ങി വെന്‍ഡിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ നില കൂടുതല്‍ വഷളാകുകയും എട്ടുമണിക്ക് മരണം സംഭവിക്കുകയും ചെയ്തു.മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ ഡോ.എ.ഫതഹുദ്ദീനാണ് മരണം സ്ഥിരീകരിച്ച് വാര്‍ത്താക്കുറിപ്പിറക്കിയത്. ഡബ്ല്യു.എച്ച്.ഒയുടെ മാനദണ്ഡപ്രകാരം കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയാണ് ഖബറടക്കത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൃതദേഹം ബന്ധുക്കളായ അസ്‌ലം സേഠ്, റഷീദ് ഉസ്മാന്‍ സേഠ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയതായി ഒപ്പിട്ട് നല്‍കി. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മൃതദേഹം ആംബുലന്‍സില്‍ പള്ളിമുറ്റത്ത് എത്തിക്കുകയായിരുന്നു. കറുത്ത തുണികൊണ്ട് പൊതിഞ്ഞ രീതിയിലായിരുന്നു മൃതദേഹം.
സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് മട്ടാഞ്ചേരി കച്ചി മേമന്‍ ഹനഫി പള്ളിയിലെ ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. മയ്യിത്ത് നിസ്‌കാരത്തില്‍ പന്ത്രണ്ടോളംപേര്‍ പങ്കെടുത്തു. ഭാര്യക്കും മക്കള്‍ക്കും വിഡിയോ വഴിയാണ് അവസാനമായി ഇദ്ദേഹത്തിന്റെ മുഖം കാണിച്ചുകൊടുത്തത്. മൃതദേഹം കൊണ്ടുവരുന്ന സമയത്ത് പള്ളിയുടെ ഒന്നര കിലോമീറ്റര്‍ ദൂരം ഓരോ പതിനഞ്ച് അടി ദൂരത്തില്‍ പൊലിസിനെ വിന്യസിച്ചിരുന്നു. കൊച്ചി തഹസില്‍ദാര്‍ എ.ജെ തോമസ്,മട്ടാഞ്ചേരി അസി.കമ്മിഷണര്‍ പി.കെ സുരേഷ് എന്നിവര്‍ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.സറീന ബായിയാണ് ഭാര്യ. ഇബ്തിഷാം, ഇസ്മയില്‍, സഫിയ, ഹസന്‍,ഹുസൈന്‍ എന്നിവരാണ് മക്കള്‍.അസ്ഹര്‍ റഷീദ്,സന എന്നിവര്‍ മരുമക്കളാണ്.
ജനുവരി 30ന് രാജ്യത്തെ ആദ്യ കൊവിഡ് രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസം പിന്നിടാറാകുമ്പോഴാണ് ആദ്യമരണം സംഭവിക്കുന്നത്.
മരിച്ചയാളുടെ ഭാര്യയ്ക്കും ഡ്രൈവര്‍ക്കും
കൊവിഡ്; നൂറോളം പേര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖിക
കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈന്‍ സേഠിന്റെ ഭാര്യയ്ക്കും ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ചുള്ളിക്കലിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും കൊവിഡ് -19 സ്ഥിരീകരിച്ചു.
ഇരുവരും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ ബന്ധുക്കളും ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായ നൂറോളം പേര്‍ നിരീക്ഷണത്തിലുമാണ്. ഈ മാസം 16ന് വൈകിട്ട് 6.55ന് ദുബൈയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നെങ്കിലും മകള്‍ ഇയാളെ ഫ്‌ളാറ്റിലെത്തി സന്ദര്‍ശിച്ചിരുന്നു.
കൂടാതെ ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റു ഫ്‌ളാറ്റുകളില്‍ കഴിയുന്നവരിലേറെയും ഇയാളുടെ ബന്ധുക്കളാണ്. പത്തോളം ഫ്‌ളാറ്റുകളിലെ നാല്‍പത് പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇയാളുടെ ഫ്‌ളാറ്റില്‍ ജോലിക്കുവന്നിരുന്ന സ്ത്രീയും നിരീക്ഷണത്തിലാണ്. ഇവരാകട്ടെ ഒന്നിലേറെ വീടുകളില്‍ ജോലിക്കുപോയതായും സൂചനയുണ്ട്. അതേസമയം നെടുമ്പാശ്ശേരിയില്‍ നിന്ന് യാക്കൂബ് ഹുസൈന്‍ സേഠ് നേരിട്ട് ഫ്‌ളാറ്റിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയാറാക്കേണ്ട ആവശ്യം വന്നില്ല. എന്നാല്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍, ഡ്രൈവര്‍ ആരുമായി ബന്ധപ്പെട്ടിരുന്നു എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. വൈപ്പിനിലെ സഹകരണ ബാങ്ക്, എസ്.ബി.ഐ എന്നിവിടങ്ങളിലെ 36ഓളം പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ബാങ്ക് മാനേജര്‍മാരും ഉള്‍പ്പെടും. ഇവരും നിരീക്ഷണത്തിലാണ്.ഇതുകൂടാതെ ഖബറടക്കത്തിന് നേതൃത്വം നല്‍കിയ സന്നദ്ധപ്രവര്‍ത്തകരോടും മൃതദേഹം കൊണ്ടുപോയ വാനിലെ ഡ്രൈവറോടും 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."