നിറഞ്ഞ മനസോടെ ശര്‍മിള മടങ്ങി
പാലക്കാട് : ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ആര്‍ക്കുവേണ്ടി മാറ്റിവെച്ചുവോ ആ ജനതയില്‍ നിന്നുതന്നെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവന്നതിന്റെ വ്യഥയില്‍ നിന്നു രക്ഷനേടാന്‍ കേരളത്തിലെത്തിയ ഇറോം ശര്‍മിള മണിപ്പൂരിലേക്ക് മടങ്ങി. നിറഞ്ഞമനസ്സോടെയും അതിലേറെ സന്തോഷത്തോടെയുമാണ് മടങ്ങുന്നതെന്ന് മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള തുറന്നുപറഞ്ഞു. പട്ടാളത്തിന് നല്‍കുന്ന 'അഫ്‌സപ'യെന്ന പ്രത്യേകാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നീണ്ട 16 വര്‍ഷക്കാലം നിരാഹാരസമരം നടത്തുകയും പിന്നീട് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രജാപാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്ത ശര്‍മിള ദയനീയ പരാജയമേറ്റുവാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്നപ്പോള്‍ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍മാടാലയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയതാണ് ശര്‍മിള.
സംസ്‌ക്കാര സമ്പന്നരും സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരുമാണ് മലയാളികളെന്ന് ശര്‍മിളയുടെ സാക്ഷ്യം. സ്വന്തം നാട്ടില്‍ കിട്ടാതിരുന്ന സ്‌നേഹവും കരുതലുമാണ് തനിക്ക് കേരളത്തില്‍ നിന്നു ലഭിച്ചതെന്ന് ശര്‍മിള പറയുമ്പോള്‍ കണ്ണുകളില്‍ വിടപറയലിന്റെ നൊമ്പരം പ്രകടമായിരുന്നു. 15 ദിവസമാണ് ശര്‍മിളയും സന്തതസഹചാരി നസീമാ ബീവിയും കേരളത്തില്‍ തങ്ങിയത്. ഇതിനിടയില്‍ ഇരുവരും മലയാളം പഠിക്കുന്നതിനും ഉത്സാഹം കാണിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ വന്‍ജനാവലി പങ്കെടുത്ത പൊതുപരിപാടികളും കൊല്ലം, വാഗമണ്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പരിപാടികളിലും ഇരുവരും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. തന്റെ ആശയ പോരാട്ടങ്ങള്‍ക്കുള്ള പിന്തുണ അഭ്യര്‍ഥിക്കാനാണ് ഇവരെ ശര്‍മിള സന്ദര്‍ശിച്ചത്. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുമായെല്ലാം നിത്യവും ശര്‍മിള വലിപ്പചെറുപ്പമില്ലാതെ ആശയവിനിമയം നടത്തി.
ഇന്നലെ അട്ടപ്പാടിയില്‍ നിന്നു മടക്കയാത്ര തുടങ്ങുമ്പോള്‍ കേരളത്തിലേക്ക് തന്നെ ക്ഷണിച്ച ബഷീര്‍ മാടാലയുടെ പത്‌നി സാബിറയുടെ കൈപിടിച്ച് ശര്‍മിള പറഞ്ഞത് 'ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ ഇനിയും കേരളത്തില്‍ വരും. കേരളം എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങളെയും ഇവിടുത്തെ ജനങ്ങളേയും ഞാന്‍ എന്നും ഓര്‍ക്കും...' എന്നാണ്.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നു ഇന്നലെ കാലത്ത് 10നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ശര്‍മിള മടങ്ങിയത്. ബഷീര്‍മാടാലയെക്കൂടാതെ അട്ടപ്പാടി ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമാ പ്രേമനും ശര്‍മിളയെ യാത്രയാക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."