സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധാരണത്തിന് 20 കോടി
കോഴിക്കോട്: പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനം. കോഴിക്കോട് എം.പി എം.കെ രാഘവന്റെ അഭ്യര്‍ഥന പ്രകാരം ഇന്നലെ ഡല്‍ഹി ഉദ്യോഗ് ഭവനില്‍ കേന്ദ്ര സ്റ്റീല്‍ മന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. സ്റ്റീല്‍ കോംപ്ലക്‌സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ വകയിരുത്തിയതായി മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇതില്‍ 12 കോടി രൂപ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനും എട്ട് കോടി രൂപ പ്രവര്‍ത്തന മൂലധനമായും ഉപയോഗിക്കും. പദ്ധതി പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും ധാരണയായി.
ചെറുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ കോംപ്ലക്‌സ് ലിമിറ്റഡ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി (എസ്.എ.ഐ.എല്‍) സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടെങ്കിലും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം നിലച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പൂര്‍ണമായി പ്രവര്‍ത്തനം മുടങ്ങിയ സാഹചര്യത്തില്‍ സ്റ്റീല്‍ കോംപ്ലക്‌സ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മന്ത്രിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇന്നലെ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.
ടി.എം.ടി സ്റ്റീലുകള്‍ നിര്‍മിക്കുന്നതിനായി വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡില്‍നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ യോഗത്തില്‍ ധാരണയായി. ഉല്‍പന്നങ്ങള്‍ എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സെയില്‍ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ എം.കെ രാഘവന്‍ എം.പിയെ കൂടാതെ സ്റ്റീല്‍ മന്ത്രാലയ സെക്രട്ടറി ഡോ. അരുണ ശര്‍മ, അഡീഷനല്‍ സെക്രട്ടറി സരസ്വതി പ്രസാദ്, ജോ. സെക്രട്ടറിമാരായ സുനില്‍ ബാര്‍ത്വാല്‍, സഈദന്‍ അബ്ബാസി, സെയില്‍ ചെയര്‍മാന്‍ പി.കെ സിങ്, ഡയറക്ടര്‍ സമരേന്ദ്രനാഥ്, സെയില്‍ പ്രൊജക്ട് ഡയറക്ടര്‍ ജെ. വിശ്വകരം, ഫിനാന്‍സ് ഡയറക്ടര്‍ അനില്‍ ചൗധരി, പെഴ്‌സണല്‍ ഡയറക്ടര്‍ എന്‍ മഹാപാത്ര, കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സോമ മണ്ഡല്‍, കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സ് ചീഫ് മാനേജര്‍ മഹേന്ദ്രനാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."