HOME
DETAILS
MAL
ഏപ്രില്‍ 14 വരെയുള്ള റിസര്‍വേഷന്‍ ടിക്കറ്റുകളുടെ തുക റെയില്‍വേ തിരിച്ചുനല്‍കും
backup
March 30 2020 | 03:03 AM
തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ റിസര്‍വേഷന്‍ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 14 വരെയുള്ള യാത്രാ കാലഘട്ടത്തിലെ എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും നല്‍കുമെന്നാണ് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിട്ടുള്ളത്.
കൊവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനായി ഏപ്രില്‍ 14 വരെ എല്ലാ ട്രെയിനുകളിലേയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനങ്ങളും റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്. മാര്‍ച്ച് 21 നു പുറപ്പെടുവിച്ച റീഫണ്ട് ചട്ട ഇളവുകളുടെ തുടര്‍ചയായിട്ടാണ് ഈ നിര്‍ദേശങ്ങള്‍. പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം (പി.ആര്‍.എസ്) വഴി കൗണ്ടറില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണവും തിരികെ ലഭിക്കും. മാര്‍ച്ച് 27 നു മുന്‍പ് റദ്ദാക്കിയ ടിക്കറ്റുകളില്‍ ബാക്കി തുക കൂടി തിരികെ ലഭിക്കുന്നതിന് യാത്രക്കാരന്‍ പൂരിപ്പിച്ച ടിക്കറ്റ് ഡെപ്പോസിറ്റ് റസിപ്റ്റിനൊപ്പം നിശ്ചിത ഫോറത്തില്‍ യാത്രാവിവരങ്ങള്‍ കൂടി രേഖപ്പെടുത്തി ഏതെങ്കിലും സോണല്‍ റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലുള്ള ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍ (ക്ലെയിംസ്) അല്ലെങ്കില്‍ ചീഫ് ക്ലെയിംസ് ഓഫിസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. ജൂണ്‍ 21 നകമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ നല്‍കാന്‍ ബാക്കിയുള്ള തുക ലഭിക്കുന്നതിന് റെയില്‍വെ പ്രത്യേക ക്രമീകരണം ചെയ്യും. മാര്‍ച്ച് 27 നു ശേഷം റദ്ദാക്കിയ ടിക്കറ്റുകളില്‍ റദ്ദാക്കുന്ന സമയത്തു തന്നെ മുഴുവന്‍ തുകയും തിരികെ നല്‍കും.
മാര്‍ച്ച് 27നു മുന്‍പ് റദ്ദാക്കിയ ഇ.ടിക്കറ്റുകളില്‍ ഏത് അക്കൗണ്ടില്‍ നിന്നാണോ ടിക്കറ്റ് റിസര്‍വ് ചെയ്തത് ആ അക്കൗണ്ടിലേയ്ക്കു തന്നെ ബാക്കിയുള്ള തുക തിരിച്ചടയ്ക്കും. ഐ.ആര്‍.സി.ടി.സി ഇതിനായി പ്രത്യേക ക്രമീകരണം ചെയ്യും. മാര്‍ച്ച് 27 നു ശേഷം റദ്ദാക്കിയ ടിക്കറ്റുകളില്‍ മുഴുവന്‍ തുകയും തിരികെ നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."