HOME
DETAILS
MAL
വീണ്ടും കര്‍ണാടകയുടെ കണ്ണില്ലാത്ത ക്രൂരത; ചികിത്സ കിട്ടാതെ കാസര്‍കോട്ട് ഒരു രോഗികൂടി മരിച്ചു
backup
March 30 2020 | 03:03 AM
മഞ്ചേശ്വരം(കാസര്‍കോട്): കര്‍ണാടക പൊലിസിന്റെ ക്രൂരതയെ തുടര്‍ന്ന് പൊലിഞ്ഞത് ജീവന് കൂടി. ആംബുലന്‍സ് അതിര്‍ത്തികടക്കാന്‍ കര്‍ണാടക പൊലിസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. മംഗളൂരുവിന് സമീപം ബണ്ട്വാള്‍ താലൂക്കിലെ ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞി (70)യാണ് മരിച്ചത്.
പതിനഞ്ചു ദിവസം മുന്‍പ് മഞ്ചേശ്വരം ഉദ്യാവര്‍ മൗലാനയിലെ പേരക്കുട്ടിയുടെ വീട്ടില്‍ വന്ന പാത്തുഞ്ഞിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആംബുലന്‍സില്‍ മംഗ്ളൂരുവിലേക്ക് കൊണ്ടുപോയത്. എന്നാല്‍ തലപ്പാടിയിലെ ടോള്‍ഗേറ്റ് കടന്നുപേകാന്‍ കര്‍ണാടക പൊലിസ് അനുവദിച്ചില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ശ്വാസകോശ രോഗിയേയും കൊണ്ടുള്ള ആംബുലന്‍സ് തലപ്പാടിയില്‍ കിടന്നു. രോഗി കര്‍ണാടക സ്വദേശിയാണെന്നും തൊട്ടടുത്ത മഞ്ചേശ്വരത്തെ ബന്ധുവീട്ടിലായിരുന്നുവെന്നും ബന്ധുക്കളും ആംബുലന്‍സ് ഡ്രൈവറും പറഞ്ഞെങ്കിലും പൊലിസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് രോഗിയെയും കൊണ്ട് ആംബുലന്‍സ് തിരിച്ചു വരുകയായിരുന്നു.
വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണിച്ച ശേഷം ഉദ്യാവരത്തെ പേരക്കുട്ടിയുടെ വീട്ടിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. എന്നാല്‍ ഇന്നലെ രാവിലെയോടെ പാത്തുഞ്ഞി മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസവും അതിര്‍ത്തിയില്‍ കര്‍ണാടക പൊലിസ് കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കുഞ്ചത്തൂര്‍ തൂമിനാടിലെ ആസ്മ രോഗിയായ ഹമീദ് മരിച്ചിരുന്നു. മംഗളൂരുവിലേക്കുള്ള ഇടവഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അടച്ചതും പ്രധാന അതിര്‍ത്തിയായ തലപ്പാടിയില്‍ ആംബുലന്‍സുകളെ കടത്തിവിടാത്തതും കാരണം ഒട്ടനവധി രോഗികള്‍ ദുരിതം പേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."