കര്‍ണാടക അതിര്‍ത്തി അടയ്ക്കല്‍: മുഖ്യമന്ത്രിയും അമിത് ഷായും ചര്‍ച്ച നടത്തി
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
കാസര്‍കോട്ടു നിന്ന് മംഗളൂരുവിലേക്കു പോകേണ്ടതിന്റെ അനിവാര്യതയും വടക്കന്‍ കേരളവും മംഗളൂരുവുമായുള്ള ചരിത്രപരമായ ബന്ധവും അമിത് ഷായെ മുഖ്യമന്ത്രി ധരിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ അനേകമാളുകള്‍ ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്.
അതുവഴി രോഗികള്‍ക്കു പോലും പോകാനാവാത്ത സാഹചര്യമുണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെയാകെ ബാധിക്കും. തലശ്ശേരി- കൂര്‍ഗ് റോഡ് (ടി.സി റോഡ് ) കണ്ണൂര്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗമാണ്. ആ റോഡ് അടച്ചിടുന്നത് കണ്ണൂര്‍ ജില്ലയും കര്‍ണാടകയുമായുള്ള ബന്ധം അറുത്തുമാറ്റുന്നതിനു തുല്യമാണ്. ചരക്കു നീക്കത്തിന് അനിവാര്യമായ പാതയാണതെന്നും അമിത് ഷായെ മുഖ്യമന്ത്രി ധരിപ്പിച്ചു.
കാര്യങ്ങള്‍ വിശദമായി മനസിലാക്കിയ അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടന്‍ തന്നെ തിരിച്ചുവിളിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."