ലോക്ക് ഡൗണിനെ തുടര്‍ന്ന് സംഘര്‍ഷം; അസമില്‍ പൊലിസുകാരനെ തല്ലിക്കൊന്നു
ഗുവാഹത്തി: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ തടഞ്ഞ പൊലിസുകാരനെ നാട്ടുകാര്‍ അടിച്ചു കൊന്നു. രണ്ടു പൊലിസുകാര്‍ക്ക് പരുക്കേറ്റു. അസമിലെ കാച്ചാര്‍ ജില്ലയിലെ ബിന്നകേണ്ടി ടി എസ്‌റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം. കൂട്ടംകൂടി തെരുവിലിറങ്ങിയ നാട്ടുകാരെ അസം ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എ.ഐ.എസ്.എഫ്) തടഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ പിരിഞ്ഞ് പോകാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. 50 കാരനായ ബക്തര്‍ ഉദ്ദീന്‍ ബാര്‍ബുയ എന്ന പൊലിസുകാരനാണ് കൊല്ലപ്പെട്ടത്. ചില നാട്ടുകാര്‍ അദ്ദേഹത്തെ വളഞ്ഞിട്ട് തല്ലിച്ചതച്ചതായി പൊലിസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ പൊലിസുകാരനെ സില്‍ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് മരണം സംഭവിച്ചിരുന്നു.
കൂടാതെ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ അസമിലെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാര്‍ ചില പൊലിസുകാരെ ആക്രമിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ധൂബ്രിയിലെ ചാപ്പര്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുന്നൂറോളം പേര്‍ അവിടെ തടിച്ചുകൂടിയതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പൊലിസുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാവിലെ ബോഡി ബസാറില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അല്ലാത്തവ തുറക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം കടയുടമകളും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും ബോംഗൈഗാവിലെ പൊലിസ് സംഘത്തെ ആക്രമിച്ചു. ചില പൊലിസുകാര്‍ക്ക് പരുക്കേറ്റു. ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചതിന് ശനിയാഴ്ച വൈകുന്നേരം വരെ 276 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."