അന്യരല്ല, ഇതരരല്ല, അതിഥികളുമല്ല; അന്തര്‍സംസ്ഥാന തൊഴിലാളികള്‍
സ്വന്തം ലേഖകന്‍
മഞ്ചേരി: ലോക്ക് ഡൗണ്‍ ലംഘിച്ചു സ്വദേശത്തേക്കു തിരിക്കാനുള്ള അതിഥി തൊഴിലാളികളുടെ ശ്രമത്തിനു പിറകെ അവര്‍ക്കു വിളിപ്പേരിലും കൂടുതല്‍ പരിഗണന നല്‍കണമെന്ന ആവശ്യമുയരുന്നു.
അന്യര്‍, ഇതരര്‍, അതിഥികള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ തൊഴിലിടങ്ങളില്‍ നിന്ന് ഏതു സമയവും പുറത്താക്കപ്പെടുമെന്ന ചിന്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ഭക്ഷണവും താമസസ്ഥലവും ആരോഗ്യപരിപാലനവും ലഭ്യമാക്കുന്നതോടൊപ്പം അവരും ഈ നാട്ടുകാരാണെന്ന ബോധ്യമുണ്ടാക്കിയെടുത്താല്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയമ സംവിധാനങ്ങളും അനുസരിക്കാന്‍ തയാറാകുകയുള്ളൂ എന്ന് എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഡോ. ടി.ടി ശ്രീകുമാറും വി.ടി ബല്‍റാം എം.എല്‍.എയും ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അന്യര്‍, ഇതരര്‍, അതിഥി തുടങ്ങിയ പ്രയോഗങ്ങള്‍ സമൂഹത്തില്‍ അന്യരാക്കപ്പൈടുന്നെന്ന തോന്നലുണ്ടാക്കുമെന്നാണ് ടി.ടി ശ്രീകുമാര്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. അന്യരും ഇതരരും ആക്കുന്നതിലൂടെ അവരുടെ അന്തസ് കളയരുത്. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും എതു തൊഴിലിനും പ്രാധാന്യവും മഹത്വവും ഉണ്ടെന്നിരിക്കെ ഒരു വിഭാഗത്തെ ഔദാര്യം പറ്റുന്നവരായി ചിത്രീകരിക്കുകയാണ്. അന്തര്‍സംസ്ഥാന തൊഴിലാളി എന്നത് അന്തസുള്ള പ്രയോഗമാണ്. ഇത് ഒരു സംസ്ഥാനത്തും വേര്‍തിരിവിനിടയാക്കില്ല. സ്വന്തം നാടുവിട്ടുള്ള പലായനത്തിലേക്ക് അവരെ തള്ളിവിട്ടത് കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളാണ്. സര്‍ക്കാരുകള്‍ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കേണ്ടത് തൊഴിലാളികള്‍ക്കുള്ള ഔദാര്യമല്ല, അവകാശമാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ശ്രീകുമാറിന്റെ കുറിപ്പിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. അവര്‍ അതിഥികളും നമ്മള്‍ ആതിഥേയരുമാകുന്നത് അവര്‍ക്ക് ഈ നാട്ടില്‍ യാതൊരു അവകാശവുമില്ലന്നും തിരിച്ചുപോകേണ്ടവരാണെന്നും സൂചിപ്പിക്കലാണെന്ന് ബല്‍റാം പറയുന്നു. കഴിഞ്ഞ ദിവസം പായിപ്പാട് കവലയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."