സൗജന്യ റേഷന്‍: അവ്യക്തത നീക്കി ഉത്തരവ്
കണ്ണൂര്‍: സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് റേഷന്‍ കടയുടമകളില്‍ നിലനിന്നിരുന്ന അവ്യക്തത നീക്കി സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഉത്തരവിറക്കി. കൊവിഡ് സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ പ്രകാരമായിരിക്കണം സൗജന്യ റേഷന്‍ വിതരണമെന്നും ഉത്തരവിലുണ്ട്.
എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കേണ്ട അരിയുടെയും ധാന്യത്തിന്റെയും അളവ് കൃത്യമായി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. റേഷന്‍ കടകളില്‍ സൗജന്യറേഷന് വാങ്ങാന്‍ ഉപഭോക്താക്കള്‍ തിക്കിത്തിരക്കേണ്ടതില്ലെന്നും ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കും ജില്ലാ റേഷനിങ് ഓഫിസര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ വ്യക്തമാക്കി.
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമ്പോള്‍ പിങ്ക്, മഞ്ഞ കാര്‍ഡുടമകള്‍ക്കു നിലവില്‍ ലഭിക്കുന്ന റേഷന്‍ ധാന്യങ്ങള്‍ സൗജന്യമായി നല്‍കും. വെള്ള കാര്‍ഡൊന്നിനു 15 കിലോ അരി മാത്രം സൗജന്യമായി ലഭിക്കും.
നീല കാര്‍ഡിന് ഈമാസം ആളോഹരി രണ്ടുകിലോ എന്നതിനു പകരം ഒരു കാര്‍ഡിന് 15 കിലോ എന്നു നിജപ്പെടുത്തി സൗജന്യമായി ലഭിക്കും. വേറെ റേഷന്‍ ധാന്യങ്ങളൊന്നും ലഭിക്കില്ല. ഇതോടെ ഓരോ കാര്‍ഡിലും ലഭിക്കുന്ന സാധനങ്ങള്‍ സംബന്ധിച്ച് കാര്‍ഡ് ഉടമയ്ക്കും ഉപഭോക്താവിനും ഉണ്ടായിരുന്ന അവ്യക്തത നീങ്ങി. റേഷന്‍ കടയില്‍ പോയി തിരക്കുണ്ടാക്കി സാധനം വാങ്ങാന്‍ ശ്രമിക്കരുതെന്നും കടയില്‍ കാര്‍ഡ് വച്ച് കൂട്ടമായി നില്‍ക്കാതെ മാറി നിന്നു റേഷന്‍ കടയുടമയുമായി സഹകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."