ഉത്സവലഹരിയില്‍ പ്രവേശനോത്സവം
തിരുവനന്തപുരം: നഗരത്തിലെ സ്‌കൂളുകളെ ഉത്സവത്തിമിര്‍പ്പിലാക്കി പ്രവേശനോത്സവം. അച്ഛന്റെയും അമ്മയുടെയും കൈപടിച്ച് അക്ഷരമുറ്റത്തെത്തിയ കുരുന്നുകണ്ണുകളില്‍ ആദ്യം അല്‍പ്പം അമ്പരപ്പായിരുന്നു. പിന്നെപ്പിന്നെ ആകാംക്ഷയായി. വര്‍ണാഭമായ സ്‌കൂള്‍ പരിസരം ആദ്യമല്‍പ്പം അപരിചിതത്വം നല്‍കിയെങ്കിലും പിന്നീട് മറ്റുകൂട്ടുകാരെത്തിയതോടെ കുട്ടിക്കുറുമ്പന്‍മാര്‍ മാതാപിതാക്കളുടെ കൈകളില്‍ നിന്നൂര്‍ന്നിറങ്ങി. കൈയിലോരോ ബലൂണുകള്‍ കൂടി കിട്ടിയതോടെ പിന്നെ കളിയായി ചിരിയായി. ആഘോഷത്തിമിര്‍പ്പിലായി ആദ്യാക്ഷരം നുകരാനെത്തിയവര്‍. സ്‌കൂളില്‍ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിലിരുന്നു അടുത്തിരുന്നവരോട് ചങ്ങാത്തം കൂടിയും പുതിയ ബാഗും കുടയുമൊക്കെ കാണിച്ചും അവര്‍ കൂട്ടുകൂടി. സമ്മാനമായി ബുക്കും കളര്‍ പെന്‍സിലും ബാഗും കുടയും കിട്ടിയപ്പോള്‍ കുട്ടിക്കൂട്ടങ്ങള്‍ക്ക് ഇരട്ടി സന്തോഷം.
ചിലരൊക്കെ അമ്മമാരുടെ കൈവിടാതെ ചിണുങ്ങി കരഞ്ഞു. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ക്ലാസ് മുറിയിലേക്ക് കയറ്റാനുള്ള പെടാപ്പാടിലായിരുന്നു രക്ഷകര്‍ത്താക്കള്‍. ഭാവഭേദമില്ലാതെ ക്ലാസില്‍ കയറിയവര്‍ പുറത്ത് നിന്ന് കരയുന്നവരെ അമ്പരപ്പോടെ നോക്കി. വരവേല്‍ക്കാന്‍ ചെണ്ടമേളവും ബാന്‍ഡ് മേളവും ഒരുക്കിയിരുന്നു. ലഡുവും പായസവുമാണ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിനത്തിന്റെ മധുരമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.
ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് പട്ടം സെന്റ്‌മേരീസ് സ്‌കൂളിലാണ്. യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. എല്‍.പി ക്ലാസുകളില്‍ 700 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ നിറങ്ങളിലുള്ള വര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയായിരുന്നു ഇവിടെ പ്രവേശനോത്സവം. മേയര്‍ വി.കെ പ്രശാന്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ മലയാളം, ഇംഗ്ലീഷ് അക്ഷരമാലകള്‍ എഴുതിയ വര്‍ണ തൊപ്പികള്‍ അണിയിച്ചാണ് കുട്ടികളെ എതിരേറ്റത്. കുരുത്തോലയും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ച സദസില്‍ ഒരുക്കിയ കസേരകളിലാണ് പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെ സ്വീകരിച്ച് ഇരുത്തിയത്. വി.എസ് ശിവകുമാര്‍ എം.എല്‍.എ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മണക്കാട് സ്‌കൂളില്‍ പൂക്കളുടെ തൊപ്പികള്‍ നല്‍കിയായിരുന്നു സ്വീകരണം. ബലൂണ്‍ ആര്‍ട്ടും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരുന്നു. ഐ.ജി. പി. വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കോവളം: വാഴമുട്ടം ഗവ. ഹൈസ്‌ക്കൂളില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം കരച്ചിലിന്റേയും സന്തോഷത്തിന്റേയും വേദിയായി. സ്‌കൂളിന്റെ പടികയറാതെ മുറ്റത്ത് നിന്ന് വാശിപിടിച്ചുകരയുന്ന കുരുന്നുകള്‍ ഒരു വശത്ത്. അമ്മയുടെ സാരിത്തലപ്പ് വലിച്ച് പിടിച്ച് വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെടുന്ന കുരുന്നുകള്‍ മറുവശത്ത്. ഇവരെ തമാശയോടെ നോക്കി ചിരിക്കുന്ന വിരുതന്‍മാര്‍ വേറെയും. അതോടൊപ്പം ഇവരെയെല്ലാം വരുതിയിലാക്കി കൈയിലെടുക്കാന്‍ മധുരവും സ്‌നേഹവുമായി അധ്യാപകരും. മഴ മാറി നിന്നതിനെ തുടര്‍ന്ന് പ്രവേശനോത്സവ ത്തോടനുബന്ധിച്ച് ഘോഷയാത്ര, കലാപരിപാടികള്‍, സമ്മാനദാനം, സൈക്കിള്‍ വിതരണം, മധുരപലഹാര വിതരണം, സമൂഹ സദ്യ എന്നിവയും സംഘടിപ്പിച്ചിരുന്ന വര്‍ണ്ണാഭമായി നടന്ന പ്രവേശനോത്സവത്തിന്റെ. ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍ ,സോഷ്യല്‍ സൈക്കോളജിസ്റ്റ് ഡോ. ജോര്‍ജ്ജ് കൊട്ടാരത്തില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാഗോപാല്‍, സഫീറാ ബീഗം, അഡ്വ.ആര്‍.സതീഷ്‌കുമാര്‍, സിമി ജ്യോതിഷ്, വാര്‍ഡ് കൗണ്‍സിലര്‍ സി. സത്യന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.എസ്. അനിത, ടി.എന്‍.സുരേഷ്, ഗീതാമധു, സ്‌കൂള്‍ പി.ടി,എ. പ്രസിഡന്റ് എസ്.കെ. പ്രതാപന്‍, പി.ടി,എ. മുന്‍ പ്രസിഡന്റ് രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ഷാജി.കെ.വി, യു.ആര്‍.സി. പ്രോഗ്രാം ഓഫീസര്‍ എ. നജീബ്, സി.ആര്‍.സി. കോഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍.ആര്‍.എസ്, കണ്ണന്‍ കോട് വി. സുരേഷ്‌കുമാര്‍, പി.സുകേശന്‍, മുല്ലൂര്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഘോഷമായ് പാറശാലയിലെ പ്രവേശനോത്സവം
പാറശാല: പാല്‍പ്പായസവും പ്ലാവിന്‍ തൈയും പഠനകിറ്റുകളും കൈമാറി സംഘടിപ്പിച്ച പ്രവേശനോത്സവം നവാഗതര്‍ക്ക് നവോന്‍മേഷമായി. മഴ മാറിയ അന്തരീക്ഷത്തില്‍ അമ്മമാരുടെ കൈയ്യില്‍ തൂങ്ങി പുത്തനുടുപ്പും ബാഗും വര്‍ണക്കുടകളുമായി വേനലവധിക്ക് ശേഷം കുട്ടികള്‍ പള്ളിക്കൂടങ്ങളിലെത്തിയപ്പോള്‍ സ്വീകരിക്കുവാന്‍ സമ്മാനങ്ങളുമായി വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളുമെത്തി. മാനം കറുത്തിരുന്നെങ്കിലും തെളിഞ്ഞ മനസുമായാണ് നവാഗതരെത്തിയത്.
പാറശാല ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു. പാറശാല പഞ്ചായത്തിലെ പ്രവേശനോത്സവം കൊടവിളാകം ഗവ. എല്‍.പി.എസില്‍ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. സെയ്യദലി അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ലോറന്‍സ്, ഗിരിജ, ബി.ആര്‍.സി പരിശീലകരായ എ.എസ് മന്‍സൂര്‍, ഡി.എസ് ബീജ, ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് സി.എച്ച് ബിജുകുമാര്‍ സംസാരിച്ചു. വൃക്ഷതൈ വിതരണം, പഠനോപകരണ വിതരണം, രക്ഷകര്‍തൃ ബോധവല്‍കരണം എന്നിവയും നടന്നു.
ഇഞ്ചിവിള ഗവ. എല്‍.പി.എസിലെ പ്രവേശനോത്സവം സ്‌കൂള്‍ വളപ്പില്‍ പ്ലാവിന്‍ തൈ നട്ട് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ആര്‍ സലൂജ, ബ്ലോക്ക് പഞ്ചായത്തംഗം വൈ. സതീഷ് സംസാരിച്ചു.
കാരോട് പഞ്ചായത്ത്തല പ്രവേശനോത്സവം പ്രസിഡന്റ് ബി. അനിത ഉദ്ഘാടനം ചെയ്തു. എസ്. ബൈജു അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ആഗ്നസ്, തങ്കരാജ്, പഞ്ചായത്ത് സെക്രട്ടറി കെ. സതീഷ്‌കുമാര്‍ സംസാരിച്ചു.
പാറശാല ക്ഷേത്രനട എല്‍.പി.എസില്‍ പഞ്ചായത്തംഗം പ്രഭകുമാരിയും മെയ്പുരം എല്‍.എം.എസ് എല്‍.പി.എസില്‍ ബ്ലോക്ക് പഞ്ചായത്തംഗം നിര്‍മ്മലകുമാരിയും കുറുങ്കുട്ടി എല്‍.പി.എസില്‍ വാര്‍ഡ് അംഗം സുരേന്ദ്രനും ഇവാന്‍സ് യു.പി.എസില്‍ എസ്. സുരേഷും കരുമാനൂര്‍ എല്‍.എം.എസ് എല്‍.പി.എസില്‍ എല്‍. മഞ്ചുസ്മിതയും പളുകല്‍ എല്‍.പി.എസില്‍ റവ.രാജീവ് ജോണും ആലത്തോട്ടത്ത് എല്‍.മഞ്ചുസ്മിതയും പരശുവയ്ക്കല്‍ യു.പി.എസില്‍ ആര്‍.സാവിത്രികുമാരിയും പൊന്നംകുളം എല്‍.പി.എസില്‍ സുനില്‍ ഡി. രാജും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുവിദ്യാലയത്തിലെത്തിച്ച് കിളിമാനൂര്‍ ഉപജില്ല
കിളിമാനൂര്‍: സ്‌കൂള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറിയപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അണ്‍ എയിഡഡ് മേഖലയില്‍ നിന്ന് പൊതുവിദ്യാലയത്തിലെത്തിച്ച് കിളിമാനൂര്‍ ഉപജില്ല മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
ഒന്നാം തരത്തില്‍ ഒന്നാന്തരമായി മാറുകയാണ് നൂറോളം കുട്ടികളെ എത്തിച്ച മൂന്ന് സ്‌കൂളുകള്‍. ഗവ.എല്‍.പി.എസ് മടവൂര്‍, ഗവ.ടൗണ്‍ യു.പി.എസ് കിളിമാനൂര്‍, എസ്.എന്‍ യു.പി.എസ് തേവലക്കാട് എന്നീ സ്‌കൂളുകളാണ് ഒന്നാം ക്ലാസില്‍ നൂറോളം കുട്ടികളെ പുതുതായി എത്തിച്ചത്. അഞ്ചാം തരത്തിലും എട്ടാം തരത്തിലും ഒന്നാം ക്ലാസിനേക്കാള്‍ കൂടുതല്‍ കുട്ടികളാണ് പല സ്‌കൂളുകളിലും ഇക്കുറി എത്തിച്ചേര്‍ത്തത്. ഗവ. എച്ച്.എസ്.എസ് കിളിമാനൂരില്‍ എട്ടാം തരത്തില്‍ അഡ്മിഷന്‍ അഞ്ഞൂറ് കഴിഞ്ഞു. ആറാം പ്രവര്‍ത്തി ദിവസത്തില്‍ കൃത്യമായ കണക്ക് ലഭ്യമാകുമ്പോള്‍ ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കിളിമാനൂര്‍ ഉപജില്ലയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക്തല പ്രവേശനോത്സവം ഗവ. യു.പി.എസ് പേരൂര്‍ വടശേരിയില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ സമ്മാനിച്ചു.
പുളിമാത്ത് പഞ്ചായത്തുതല പ്രവേശനോത്സവം കുറ്റിമൂട് ഗവ. എല്‍.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എന്‍ ജയകുമാര്‍, ഗീത എം.എസ് പങ്കെടുത്തു. പഴയ കുന്നുമ്മല്‍ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ.എച്ച് എസ്.എസ് തട്ടത്തുമലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബര്‍ എസ്. യഹിയ, വൈസ് പ്രസിഡന്റ്് കെ. രാജേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി വി. ധരളിക പങ്കെടുത്തു. കിളിമാനൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം കിളിമാനൂര്‍ ഗവ. എല്‍.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍ ഉദ്ഘാടനം ചെയ്തു. മടവൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം സി.എന്‍.പി.എസ് ഗവ. എല്‍.പി.എസില്‍ മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."