അതിഥി തൊഴിലാളി പ്രതിഷേധം: ഒരാള്‍ പിടിയില്‍
ചങ്ങനാശേരി: പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സാമൂഹ്യമാധ്യമങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി പ്രചാരണം നടത്തിയ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചു (28) ആണ് പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തുവരികയാണ്. ലോക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 2000ത്തോളം അതിഥി തൊഴിലാളികള്‍ക്കെതിരേ തൃക്കൊടിത്താനം പൊലിസ് കേസെടുത്തിട്ടുണ്ട്. റിഞ്ചുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് പറഞ്ഞു. ഏതെങ്കിലും സംഘടനയുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ജില്ലാ പൊലിസ് മേധാവി ജി.ജയദേവിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി എസ്.സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല. പായിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമീപജില്ലയായ പത്തനംതിട്ടയില്‍ നിന്നുപോലും തൊഴിലാളികള്‍ സംഘടിതമായി പ്രതിഷേധത്തിനെത്തിയിരുന്നു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഞായറാഴ്ച രാവിലെ 11ന് എത്തിച്ചേരണമെന്ന സന്ദേശം സാമൂഹ്യമാധ്യമങ്ങള്‍ വഴി കൈമാറിയിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."