കുടിയേറ്റത്തൊഴിലാളികള്‍ക്കായി സ്വീകരിച്ച നടപടികള്‍ അറിയിക്കണം കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റത്തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ കുടിയേറ്റത്തൊഴിലാളികള്‍ ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പലായനം ചെയ്യുന്ന പശ്ചാത്തലത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് രശ്മി ബെന്‍സല്‍, അനൂജ് ഗുപ്ത എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കുന്നതിന് മുന്‍പായി ഇക്കാര്യം എഴുതിനല്‍കാനാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിയേറ്റത്തൊഴിലാളികള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് സൗകര്യങ്ങളൊരുക്കുന്നതില്‍ വീഴ്ചയുണ്ടായതായി ഹരജിക്കാരുടെ അഭിഭാഷകന്‍ അലോക് ശ്രീവാസ്തവ കോടതി മുന്‍പാകെ ചൂണ്ടിക്കാട്ടി. ബന്ധപ്പട്ട അധികാരികള്‍ ഇക്കാര്യത്തില്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിച്ചില്ല. കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ യാത്ര ചെയ്ത് അവരുടെ ഗ്രാമത്തിലെത്തുന്നത് അവിടെയും വൈറസ് പടരാന്‍ കാരണമാകും. സര്‍ക്കാരിന് ഇത് തടയാനാവാത്ത സാഹചര്യത്തില്‍ വൈറസിനെതിരായ പ്രതിരോധന നടപടികള്‍ സ്വീകരിച്ച് അവര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്‌തെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. പലായനം അടിയന്തരമായി തടയേണ്ടതുണ്ട്. അല്ലെങ്കില്‍ കൊവിഡ് കൂടുതല്‍ പേരിലേക്ക് പടരുന്നതിന് കാരണമാവും. അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുകയല്ല, യാത്ര ചെയ്യുന്നത് തടയുകയാണ് വേണ്ടതെന്നും മേത്ത ചൂണ്ടിക്കാട്ടി. കുടിയേറ്റത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."