പായിപ്പാട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഒരാള്‍ കൂടി അറസ്റ്റില്‍
ചങ്ങനാശേരി: പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.സാമൂഹ്യമാധ്യമങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി പ്രചാരണം നടത്തിയ ബംഗാള്‍ സ്വദേശി അന്‍വറലി ആണ് പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഗൂഢാലോചന നടത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലോക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 2000ത്തോളം അതിഥി തൊഴിലാളികള്‍ക്കെതിരേ തൃക്കൊടിത്താനം പൊലിസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
ജില്ലാ പൊലിസ് മേധാവി ജി.ജയദേവിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി എസ്.സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല.
പായിപ്പാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമീപജില്ലയായ പത്തനംതിട്ടയില്‍ നിന്നുപോലും തൊഴിലാളികള്‍ സംഘടിതമായി പ്രതിഷേധത്തിനെത്തിയിരുന്നു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഞായറാഴ്ച രാവിലെ 11ന് എത്തിച്ചേരണമെന്ന സന്ദേശം സാമൂഹ്യമാധ്യമങ്ങള്‍ വഴി കൈമാറിയിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."