സാലറി ചലഞ്ച്: കൊവിഡ് പ്രതിരോധ രംഗത്തുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍ നിന്നു കരകയറുന്നതിനു മുഖ്യമന്ത്രി അഭ്യര്‍ഥിച്ച സാലറി ചലഞ്ചില്‍നിന്ന് കൊവിഡ് പ്രതിരോധ രംഗത്തുള്ള വകുപ്പുകളെ ഒഴിവാക്കണമെന്നാവശ്യം.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നായിരുന്നു അഭ്യര്‍ഥന.
എന്നാല്‍ നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ, പൊലിസ്, റവന്യു വകുപ്പുകളിലെ ജീവനക്കാരെ ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മഹാഭൂരിപക്ഷവും വീടുകള്‍ക്കുള്ളില്‍ ഇരിക്കുമ്പോഴും ഈ വകുപ്പുകളുടെ ജീവനക്കാര്‍ സേവന രംഗത്താണ്. പൊലിസ് സേനയിലെ അറുപത്തിനായിരത്തോളം പേരാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ രംഗത്തുള്ളത്.
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഇരുപതിനായിരത്തോളം പേര്‍ വിശ്രമം ഇല്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഏകോപന ചുമതലയുമായി റവന്യു ജീവനക്കാരും രംഗത്തുണ്ട്. പൊതു ഗതാഗതവും മറ്റുമില്ലാത്തതിനാല്‍ മിക്കവര്‍ക്കും സ്വന്തം കൈയില്‍നിന്നു കൂടുതല്‍ പണം ചെലവഴിക്കേണ്ട സ്ഥിതിയുണ്ട്.സാലറി ചലഞ്ചില്‍നിന്ന് സ്റ്റാഫ് നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഒഴിവാക്കണമെന്ന് കേരള ഗവ. നഴ്‌സസ് യൂനിയനും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."