ഓടിയോടി തളര്‍ന്നപ്പോള്‍ ഉത്തരവ് തിരക്കിട്ട് ബില്ലുകള്‍ സമര്‍പ്പിച്ചത് ക്രമക്കേടിനിടയാക്കുമെന്നും ആക്ഷേപം
കൊല്ലം: ലോക്ക്ഡൗണിനിടെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളില്‍ നെട്ടോട്ടമോടിച്ച ധനവകുപ്പ്, ഒടുവില്‍ പദ്ധതി സമര്‍പ്പണ തീയതി നീട്ടിയെങ്കിലും ഉദ്യോഗസ്ഥരുടെ അമര്‍ഷത്തിന് കുറവില്ല. ഇതിനിടെ തിടുക്കപ്പെട്ട് വേണ്ടത്ര പരിശോധനയില്ലാതെ ബില്ലുകള്‍ സമര്‍പ്പിച്ചത് കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് കാരണമായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നു. തദ്ദേശഭരണ വകുപ്പ് ഉള്‍പ്പെടെ മാര്‍ച്ച് 31ന് മുന്‍പ് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ട ബില്ലുകള്‍ ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചാണ് 30 ന് രാത്രി വൈകി ധനവകുപ്പ് ഉത്തരവിറക്കിയത്.
ഉത്തരവ് ഇറങ്ങാത്തതിനെതിരേ വിദ്യാഭ്യാസ വകുപ്പിലെ പ്രഥമാധ്യാപകര്‍ ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തിയതോടെ ഇതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടിയിട്ടും സംസ്ഥാന ധനവകുപ്പാകട്ടെ അനങ്ങാപ്പാറ നയം സ്വീകരിച്ചത് ജീവനക്കാരിലും പ്രതിഷേധത്തിന് കാരണമായിരുന്നു. 30 ന് രാവിലെ വരെ ധനവകുപ്പ് ഉത്തരവിറക്കാതായതോടെ പദ്ധതി നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു. വിദ്യാഭ്യാസ വകുപ്പ് പോലെ അവശ്യ സര്‍വിസ് ഗണത്തില്‍ പെടാത്ത നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയായിരുന്നു. 31 വരെ ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പിച്ചവര്‍ക്ക് ഈ സാമ്പത്തിക വര്‍ഷവും ഏപ്രില്‍ 18 വരെ സാവകാശം ലഭിച്ചവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിച്ച തുക ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ പദ്ധതി ചെലവ് പരമാവധി കുറയാതിരിക്കാന്‍ ധനവകുപ്പ് അവസാന നിമിഷം മാത്രം ഉത്തരവിറക്കിയത് സര്‍വിസ് സംഘടനാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചെറിയ വിഷയങ്ങളില്‍പ്പോലും രംഗത്ത് വരാറുള്ള സര്‍വിസ് സംഘടനാ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചതിലും ജീവനക്കാര്‍ അമര്‍ഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."