ആവശ്യം എന്തായാലും ഇനി ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
മലപ്പുറം: ആവശ്യം എന്തുമാവട്ടെ, റവന്യു വകുപ്പില്‍ നിന്നു നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്ത് ആവശ്യത്തിന് നല്‍കുന്നു എന്ന് ഇനി രേഖപ്പെടുത്തില്ല. വിവിധ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി ക്രമങ്ങള്‍ ലളിതമാക്കി റവന്യു വകുപ്പ് ഉത്തരവിറക്കിയത്. പുതിയ തീരുമാനപ്രകാരം ഇ സര്‍വിസ് മുഖേന നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള അപേക്ഷാ ഫോറത്തില്‍ നിന്നു ഏത് ആവശ്യത്തിനു നല്‍കുന്നു എന്ന കോളം ഒഴിവാക്കിയിരിക്കുകയാണ്.
നേരത്തെ നേറ്റിവിറ്റി, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഫോര്‍മാറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഏത് ആവശ്യത്തിന് നല്‍കുന്നു എന്ന് രേഖപ്പെടുത്തിയതിനാല്‍ പ്രസ്തുത ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാന്‍ പറ്റിയിരുന്നുള്ളു.
ഇതുമൂലം ഒരേസമയം പല ആവശ്യങ്ങള്‍ക്ക് ഒന്നിലധികം അപേക്ഷകള്‍ നല്‍കേണ്ടിയിരുന്നു. ഇതു പരിശോധിച്ച സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനിമുതല്‍ ഏത് ആവശ്യത്തിന് നല്‍കുന്നു എന്ന കോളം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് അപേക്ഷയും വിതരണവും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ പ്രസ്തുത കോളം ഉടന്‍ ഒഴിവാക്കാന്‍ വിവര സാങ്കേതിക വിദ്യാവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പല ആവശ്യങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് പലതവണ വേണമെന്ന നേരത്തെയുള്ള രീതി പൊതു ജനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. പുതിയ തീരുമാനം റവന്യു ജീവനക്കാര്‍ക്കും ഗുണം ചെയ്യും. ഒരു സര്‍ട്ടിഫിക്കറ്റ് തന്നെ പല ആവശ്യത്തിന് പരിഗണിക്കും എന്നതിനാല്‍ റവന്യു ഓഫിസുകളിലെ തിരക്ക് പകുതിയായി കുറയുമെന്നാണ് ജീവനക്കാരുടെ കണക്കുകൂട്ടല്‍.
വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒകളില്‍ നിന്നും നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ പൗരത്വം തെളിയിക്കുന്ന നേറ്റിവിറ്റി, കേന്ദ്ര സര്‍വിസുകള്‍ക്കുള്‍പ്പെടെ ആവശ്യമായി വരുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആജീവനാന്തമാക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് ഉത്തരവിറക്കിയത്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസുകളില്‍ നിന്നു നല്‍കുന്ന ആറുമാസം കാലാവധിയുണ്ടായിരുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്താനും വരുമാന സര്‍ട്ടിഫിക്കറ്റ് കാലാവധി ആറു മാസത്തില്‍ നിന്നു ഒരു വര്‍ഷത്തേയ്ക്കു ദീര്‍ഘിപ്പിക്കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ തീരുമാനംകൂടി നിലവില്‍ വന്നതോടെ വില്ലേജ്, താലൂക്ക് ഓഫിസുകളില്‍ നിന്നും അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണവും ഗണ്യമായി കുറയുമെന്ന് വിലയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."