HOME
DETAILS
MAL
സാറെ, വീട്ടില്‍ വന്നാല്‍ സ്കൂളില്‍ ചേര്‍ക്കാമോ...?
backup
March 31 2020 | 21:03 PM
മഞ്ചേരി: സ്കൂള്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ സ്കൂള്‍ അധികൃതരെ തേടി രക്ഷിതാക്കളുടെ ഓട്ടം.
നേരത്തെ ഓണ്‍ലൈനില്‍ അഡ്മിഷന് ഉറപ്പ് വരുത്തിയവരും അവസരം ഉപയോഗപ്പെടുത്താത്തവരും പ്രവേശനം ലഭിക്കില്ലെന്ന ആശങ്കയോടെയാണ് സ്കൂള്‍ മാനേജര്‍മാരുടെയും പ്രധാനാധ്യാപകരുടെയും വീടുകളിലേക്ക് എത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ചില സ്കൂളുകള്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിപ്പോള്‍ വേണ്ടെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നയുടന്‍ പ്രവേശനത്തിനായി തയാറാക്കിയിരുന്ന ഓണ്‍ലൈന്‍ ലിങ്കുകള്‍ സ്കൂള്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. തിങ്കളാഴ്ച രാത്രി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ നിര്ത്തിവയ്ക്കാതിരുന്നാല് നടപടി നേരിടുമെന്ന സന്ദേശവും അയച്ചിരുന്നു.
ഇതോടെയാണ് ഓണ്‍ലൈന്‍ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. നിലവില്‍ താല്‍ക്കാലികമായി സേവനം നിര്‍ത്തിവച്ചതായാണ് സ്കൂളുകളുടെ ഓണ്‍ലൈന്‍ അഡ്മിഷന് ലിങ്കുകള്‍ തുറക്കുമ്പോഴുള്ള മറുപടി.
മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാല്‍ നേരത്തെ ഓണ്‍ലൈനില്‍ നല്കിയ അപേക്ഷ തള്ളുമോ, അപേക്ഷ സ്വീകരിക്കല്‍ പൂര്‍ത്തിയായോ, വിദ്യാര്‍ഥിയുമായി വീട്ടില്‍ എത്തിയാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാമോ? തുടങ്ങിയ സംശയങ്ങളുമായാണ് രക്ഷിതാക്കള്‍ സമീപിക്കുന്നതെന്ന് പ്രധാനാധ്യാപകര്‍ പറഞ്ഞു.
മാര്‍ച്ച് പകുതിയോടെ തന്നെ സ്കൂള്‍ അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളെ തേടിയിറങ്ങുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ ശ്രമം നടന്നില്ല. ഇതോടെയാണ് വീട്ടിലിരുന്ന് തന്നെ പ്രവേശനം ഉറപ്പാക്കാമെന്ന സന്ദേശവുമായി ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ ആരംഭിച്ചത്. മൊബൈലില്‍ നിന്ന് അനായാസം പൂര്‍ത്തീകരിക്കാവുന്ന രീതിയിലുള്ള പ്രത്യേക ഫോമും ഇതിനായി തയാറാക്കി. വിദ്യാര്‍ഥിയുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ ഇത്രയും വിവരങ്ങള്‍ നല്കിയാല് പ്രവേശനം ഉറപ്പാക്കുന്നതായിരുന്നു ഓണ്‍ലൈന്‍ നടപടികള്‍. ടി.സി പിന്നീട് സ്കൂളില്‍ എത്തിച്ചാല്‍ മതിയെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിരുന്നു.
വിദ്യാര്‍ഥികളെ വര്‍ധിപ്പിച്ചാല്‍ നേടിയെടുക്കാവുന്ന അധ്യാപക തസ്തിക ലക്ഷ്യമിട്ട് എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങള്‍ മികച്ച ഓഫര്‍ നല്കി ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."