കേന്ദ്രവിഹിതം ലഭിക്കുന്നില്ല; സപ്ലൈകോ നെല്ല് സംഭരണം നിര്‍ത്തുന്നു
തൃശൂര്‍: കേന്ദ്രവിഹിതം ലഭിക്കാതായതോടെ കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത് സപ്ലൈകോ നിര്‍ത്താനൊരുങ്ങുന്നു. മൂന്ന് ലക്ഷത്തിലധികം മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ ഇതുവരെ സംഭരിച്ചിട്ടുള്ളത്.
കേന്ദ്രവിഹിതമായി 14.70 രൂപയും സ്റ്റേറ്റ് ഇന്‍സന്റീവ് ബോണസായി 7.80 രൂപയുമടക്കം 22.50 രൂപ നല്‍കാമെന്ന ധാരണയിലാണ് കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ചത്. എന്നാല്‍, കേന്ദ്രവിഹിതം നല്കാന് കാലതാമസം നേരിട്ടതോടെ വന്‍ബാധ്യതയാണ് സപ്ലൈകോക്ക് ഉണ്ടായത്.
കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫെബ്രുവരി നാലുവരെ ശേഖരിച്ച നെല്ലിന്റെ പണം സര്‍ക്കാര്‍ നല്‍കിയെങ്കിലും 2,47,12,03,199 രൂപയോളം ഇനിയും നല്‍കാനുണ്ട്.
കേന്ദ്ര വിഹിതം എന്ന് ലഭിക്കുമെന്ന ഒരു ഉറപ്പും ലഭിക്കാതായതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലായി. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് കുടിശികയില്ലാത്തത്. ഏറ്റവും കൂടുതല്‍ കുടിശികയുള്ളത് ആലപ്പുഴ, കോട്ടയം,പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്കാണ്. 125 കോടി രൂപയാണ് ആലപ്പുഴയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
കോട്ടയത്ത് 46 കോടിയും പാലക്കാട് 35 കോടിയും തൃശൂരില്‍ 27.5 കോടിയും മലപ്പുറത്ത് 6.5 കോടിയും നല്‍കാനുണ്ട്. എറണാകുളത്ത് മൂന്ന് കോടി രൂപയും കുടിശികയുണ്ട്. കേന്ദ്രവിഹിതം ലഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്ന് ഉറപ്പായതോടെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക തീര്‍ക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും ഇതിനായി ധനവകുപ്പ് അനുമതി നല്‍കിയിട്ടില്ല. ധനവകുപ്പില്‍ നിന്ന് അനുകൂല തീരുമാനം എന്നുണ്ടാകുമെന്ന ഒരുറപ്പും നല്കാന് ഉദ്യോഗസ്ഥര്‍ തയാറല്ല.
അതേസമയം, അരി വില കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ വില നല്കി സ്വകാര്യ മില്ലുകള്‍ നെല്ലെടുക്കുന്നുണ്ട്. നെല്ലളക്കുമ്പോള്‍ തന്നെ പണം കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് സ്വകാര്യ മില്ലുകാരുടെ രീതി. ഈ സമയത്താണ് ഉയര്‍ന്ന വില പ്രതീക്ഷിച്ച് സപ്ലൈകോയ്ക്ക് നെല്ല് നല്കിയവര് പണം കിട്ടാതെ വെട്ടിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."