ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തിന്റെ വിസാ കാലാവധി നീട്ടി;നിലവില്‍ നാട്ടിലേക്കെത്തിക്കാനുള്ള സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: കൊവിഡ്-19 ജാഗ്രതയുതെ ഭാഗമായി ആഗോളതലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ സിനിമാ ചിത്രീകരണത്തിന് ജോര്‍ദാനിലേക്ക് പോയി അവിടെ കുടുങ്ങിക്കിടക്കുന്ന
പൃഥ്വിരാജിന്റേയും സംവിധായകന്‍ ബ്ലസിയുടേയും സംഘത്തിലെ മുഴുവന്‍ ആളുകളുടേയും വിസാ കലാവധി നീട്ടാനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി എ.കെ ബാലന്‍. നിലവില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള സാഹചര്യമില്ല. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചതായും എ കെ ബാലന്‍ അറിയിച്ചു.
പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും ഉള്‍പ്പെടെയുള്ള 58 പേരുടെ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്.ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും അതിനാല്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസര്‍ക്കാറുകള്‍ക്ക് സഹായം അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിരുന്നു.
ഒരുമാസം മുമ്പാണ് ഇവിടെ ഇവര്‍ ആടുജീവിതം സിനിമാ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാവില്ലെന്ന് വ്യക്തമാക്കി. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം
ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.
വാര്‍ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.
ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.
അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."