സഊദിയിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്കയക്കാന്‍ വഴിയൊരുങ്ങുന്നു
ജിദ്ദ: സഊദിയിൽ കൊവിഡ് 19 ഭീഷണിയെ തുടർന്ന് വിമാനസർവീസ് നിർത്തിയതോടെ നാട്ടിലേക്ക് അയക്കാൻ കഴിയാതിരുന്ന മൃതദേഹങ്ങൾ കൊണ്ടുപോകാൻ വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരം ഉയർന്നു വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെക്കയക്കും.
എമിറേറ്റ്‌സ് വിമാനത്തിന്റെ ആസ്ഥാനമായ ദുബായ് വഴി ദമാം എയർപോർട്ടിലേക്ക കാർഗോ സർവീസിനു അനുമതി ലഭിച്ചിട്ടുണ്ട്. ദമാം എയർപോർട്ടിൽ നിന്നും കാർഗോ സർവീസ് നടത്തുന്നതിന് എമിറേറ്റ്സ് വിമാനം തയ്യാറായിട്ടുണ്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ എത്തിച്ചതിനു ശേഷം വിമാനം മടങ്ങവേ മൃതദേഹങ്ങൾ തിരിച്ചു അതാതു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതിനു പ്രശന്മില്ലെന്ന് എയർലൈൻസ് അറിയിച്ചു. ഇങ്ങിനെ ഒരു സാഹചര്യം ഒരുങ്ങുകയാണെങ്കിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉടനെ നാട്ടിലേക്ക് അയക്കാനാകും.
കേരളത്തിലടക്കം ഇന്ത്യയിൽ വിമാനത്താവളങ്ങളിലെ കർശനമായ നിയന്ത്രണവും ലോക്ക് ഡൗണും കാരണം സ്തംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തി അത് സ്വീകരിക്കാനും മറ്റു നടപടി പൂർത്തീകരിക്കുന്നതിനുമുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. കൂടാതെ ഇവിടെയുള്ള മൃതദേഹം എംബാമിംഗ് ചെയ്യുന്നതിനും എക്‌സിറ്റ് അടിക്കുന്നതിനും എംബസ്സിയിൽ നിന്നും എൻ ഒ സി ഇഷ്യൂ ചെയ്യുന്നതിനും മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള സാഹചര്യം കൂടി ഒരുങ്ങിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
വിമാനത്താവളങ്ങൾ അടച്ചതോടെയും രാജ്യത്തു ശക്തമായ നിയന്ത്രണം വന്നതോടെയും നാട്ടിലെത്തിക്കാൻ കഴിയാതെ സഊദിയിലെ വിവിധ പ്രവിശ്യകളിൽ മലയാളികളുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഉണ്ടെന്നു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറയുന്നു.
മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനു എമിറേറ്റ്്‌സ് വിമാനത്തിനു അനുമതി ലഭിക്കുകയും ബാക്കി നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളും എംബസ്സികളും രാജ്യത്തെ മറ്റു വകുപ്പുകളും ഇതിനുള്ള കടമ്പകൾ അകറ്റുന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പരിഹാരമാകുമെന്ന് പ്രതീക്ഷയിലാണ് സഊദിയിലെ സാമൂഹിക പ്രവർത്തക൪
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."