പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് പ്രതിരോധം: നാടന്‍ വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ 'തേന്‍കനി വനം'
പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ഹരിതകേരളം' ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന് രാവിലെ 11ന് ഗവ.വിക്ടോറിയ കോളജില്‍ എം.ബി.രാജേഷ് എം.പി നിര്‍വഹിക്കും. പരിസ്ഥിതി സംഘടനക്ക് തൈകള്‍ നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍' എന്ന സന്ദേശത്തോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ ഒരു കോടി തൈകളാണ് നടുന്നത്. ചന്ദനം, രക്തചന്ദനം, സീതപ്പഴം, കൂവളം, കുമിഴ്, അമ്പഴം, മണിമരുത്, ലക്ഷ്മിതരു, മാതളം, പൂവരശ്, മഹാഗണി തുടങ്ങി വ്യത്യസ്തങ്ങളായ 18 ഇനം തൈകളാണ് 14 കേന്ദ്രങ്ങളിലായി തയ്യാറാക്കിയത്.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സദാശിവന്‍, നഗരസഭാ കൗണ്‍സിലര്‍ സൗമിനി, വിക്ടോറിയ കോളജ് പ്രിന്‍സിപ്പല്‍ സഫിയ ബീവി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കൃഷി വകുപ്പ്, സാമൂഹിക വനവത്ക്കരണവിഭാഗം, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 28 ലക്ഷം വൃക്ഷതൈകള്‍ നടും. ഇതിനായി 40 ഓളം ഇനം തൈകളാണ് ജില്ലയിലെ വിവിധ ഫാമുകളിലും നഴ്‌സറികളിലുമായി നട്ടു പിടിപ്പിച്ചത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നട്ട മരങ്ങള്‍ സംരക്ഷിക്കാനായി വളരെ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നാട്ടില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടന്‍ മരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'തേന്‍കനി വനം'. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും 13 ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി ഉദ്ഘാടനം ചെയ്യും.
ഓരോ പഞ്ചായത്തിലും 1000 പ്ലാവ്, മാവ്, പുളി, പേര, ഞാവല്‍, നീര്‍മാതളം, നെല്ലി എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതിയാണിത്. പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ച് ജൂലൈ 15 നകം തൈ നട്ട് പദ്ധതി പൂര്‍ത്തിയാക്കും. റോഡിന്റെ ഇരുവശങ്ങള്‍, കനാല്‍ വരമ്പുകള്‍, കുളങ്ങളുടെ പാര്‍ശ്വഭിത്തികള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍ എന്നിവയില്‍ മരം വെച്ചുപിടിപ്പിക്കും.
ജില്ലയിലെ വിവിധയിടങ്ങളില്‍ തൈകള്‍ നടാനുള്ള കുഴികള്‍ തയ്യാറാക്കാന്‍ തുടങ്ങി. നട്ട തൈകള്‍ക്ക് കമ്പിവല, നൈലോണ്‍ നെറ്റ്, മുള എന്നിവ ഉപയോഗിച്ച് സംരക്ഷണം നല്‍കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു വര്‍ഷം തൈകള്‍ നനയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നാല് മരങ്ങള്‍ വീതം വെച്ചുപിടിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കും. കൂടാതെ പുതുശ്ശേരി, നെല്ലിയാമ്പതി, അട്ടപ്പാടി, മുതലമട എന്നിവിടങ്ങളിടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൈകള്‍ വിതരണം ചെയ്യും.
കൃഷി വകുപ്പ് ഇത്തവണ 347000 തൈകളാണ് തയ്യാറാക്കുന്നത്.
മാവ്, പ്ലാവ്, കശുമാവ്, പേര, മുരിങ്ങ, മാതളം, വേപ്പ്, കറിവേപ്പ് മുതലായവയുടെ തൈകളാണ് വിതരണം ചെയ്യുക. മലമ്പുഴ, പട്ടാമ്പി, നെല്ലിയാമ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിലെ ഫാമുകളിലും കുന്നന്നൂര്‍, കോങ്ങാട്, ആലത്തൂര്‍, മുതലമട, അനങ്ങനടി എന്നിവിടങ്ങളിലെ വിത്തുത്പാദന കേന്ദ്രങ്ങളിലുമാണ് തൈകള്‍ തയ്യാറായത്. കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതു കൂടാതെ മുണ്ടേരി ഫാം, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും ഗുണമേന്മയേറിയ വിത്തുകള്‍ വാങ്ങിയാണ് തൈകള്‍ വികസിപ്പിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."