വിദേശത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷ റദ്ദാക്കി സി.ബി.എസ്.ഇ; മറ്റു ക്ലാസുകളിൽ പ്രമോഷൻ നൽകാൻ സർക്കുലർ
റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകൾ വെർച്വൽ ടീച്ചിംഗ് വഴി ഇന്ന് മുതൽ പുതിയ അധ്യയന വർഷം ആരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിട്ടതിനെ തുടർന്നാണ് ഇന്ത്യൻ സ്കൂളുകൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഈ അധ്യയന വർഷത്തിന് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ പ്രൈമറി സെക്ഷനിൽ ക്ലാസുകൾ ആരംഭിച്ചിട്ടില്ല. ചില സ്കൂളുകൾ അടുത്താഴ്ചയാണ് അധ്യയനം ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാർഷിക പരീക്ഷ നടക്കുന്നതിനിടെയാണ് കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 9ന് സഊദിയിൽ സ്കൂളുകൾ അനിശ്ചിതമായി അടച്ചത്. ഇതേത്തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പൊതു പരീക്ഷകളടക്കം പൂർത്തിയാക്കാനാവാതെ വന്നു. പ്രൈമറി സെക്ഷനുകളിലും ഹൈസ്കൂൾ തലത്തിലും രണ്ടും മൂന്നും പരീക്ഷകൾ വീതം നടത്താനായില്ല. ചില സ്കൂളുകളാവട്ടെ അവർ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനും ചോദ്യാവലിയും ഉപയോഗിച്ച് ഓൺലൈൻ വഴി പരീക്ഷ പൂർത്തിയാക്കി. പരീക്ഷകൾ നടത്താനാവാത്ത സ്കൂളുകളിൽ വിദ്യാർത്ഥികളുടെ മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പ്രമോട്ട് ചെയ്യുകയായിരുന്നു. ചില സ്കൂളുകൾ 9,11 ക്ലാസുകളിലെ പരീക്ഷകൾ നേരത്തെ പൂർത്തിയാക്കുകയും പ്രമോഷൻ നൽകുകയും തുടർന്ന് ഓൺലൈൻ വഴി അവർക്ക് അടുത്ത വർഷത്തെ അധ്യയനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇന്ന് വന്ന സി.ബി.എസ്.ഇ ബോർഡിന്റെ സർക്കുലർ പ്രകാരം വിദേശത്ത് പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളൂകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതു പരീക്ഷകൾ റദ്ദാക്കിയതായാണ് അറിയിപ്പ് വന്നിരിക്കുന്നത്. മാറ്റി വെക്കപ്പെട്ട പരീക്ഷകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ റിസൾട്ട് സംബന്ധമായ വിവരങ്ങൾ ബോർഡ് ഉടനെ അറിയിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. കൂടാതെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രമോഷൻ നൽകാനും 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഏപ്രീൽ അവസാന വാരത്തിലോ മെയ് ആദ്യ വാരത്തിലോ മാറ്റി വെക്കപ്പെട്ട പരീക്ഷകൾ നടത്തി ജൂൺ മാസത്തിൽ റിസൽട്ട് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ സി.ബി.എസ്.ഇ ബോർഡ് അറിയിച്ചിരുന്നത്. ഈയൊരു അനിശ്ചിതത്വം ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
2020-21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥി കൾക്ക് വെർച്വൽ ക്ലാസുകൾ മാർച്ച് 15 മുതൽ ആരംഭിച്ചിരുന്നു. മികച്ച ക്ലൗഡ് മീറ്റിംഗ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിച്ചാണ് വെർച്ച്വൽ ക്ലാസുകൾ നടത്തുന്നത്. വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി അധ്യാപകർ നേരിട്ട് സംസാരിക്കുകയും പതിവ് പോലെ ക്ലാസുകൾ നടത്തുകയും ചെയ്യും. അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലിരുന്നാണ് ക്ലാസിൽ പങ്കെടുക്കുന്നതെ ങ്കിലും യൂണിഫോം അടക്കം സ്കൂൾ തലത്തിലെ മുഴുവൻ നിയമാവലികളും അനുസരിച്ചായിരിക്കും ക്ലാസ് നടക്കുക. സൂം ആപ്ലിക്കേഷനിൽ മീറ്റിംഗ് ഐഡി തയ്യാറാക്കി വിദ്യാർത്ഥി കൾക്ക് അയച്ചു കൊടുക്കുകയും അത് വഴി മുഴുവൻ വിദ്യാർത്ഥികളും ക്ലൗഡ് ക്ലാസ് റൂമിലെത്തുകയും ചെയ്യും. ഇന്റർനെറ്റ് സൗകര്യവും കാമറ സംവിധാനമുള്ള കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഇതിനായി വീടുകളിൽ ഒരുക്കേണ്ടതാണ്. പതിവ് പോലെ ആഴ്ചയിൽ അഞ്ച് ദിവസവും ക്ലാസുകളുണ്ടാവും. രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്തിനിടയിലാണ് വിവിധ സ്കൂളുകൾ ക്ലാസുകൾ നടത്തുന്നത്. അതിനിടയിൽ 20 മിനുട്ട് ഇന്റർവെൽ അനുവദിക്കും. 40 മിനുട്ട് നീളുന്നതായിരിക്കും ഓരോ പീരിയഡും. പ്രൈമറി ക്ലാസുകളിൽ മൂന്നും മറ്റ് ക്ലാസുകളീൽ അഞ്ചും പീരിയഡുകളാണ് തീരുമാനിച്ചിരിക്കുന്നത്. സഊദിയിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടതിലുള്ള 10 ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അടക്കം നാൽപ്പതോളം ഇന്ത്യൻ സ്കൂളുകളാണ് സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവർത്തിച്ചു വരുന്നത്.
അതേസമയം ഓൺലൈൻ അധ്യാപനം ഇരുട്ടടിയാണെന്നാണ് ചില രക്ഷിതാക്കളുടെ പക്ഷം. ഓൺലൈൻ ക്ലാസിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, കാമറ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വീട്ടിൽ ഒരുക്കേണ്ടതായിട്ടുണ്ട്. ഇത്രയും സമയത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് മാസം തോറും വലിയ തുക മാറ്റി വെക്കേണ്ടി വരുമെന്നാണ് ഒരു രക്ഷിതാവിന്റെ ആശങ്ക. മാത്രവുമല്ല വിവിധ ക്ലാസുകളിലായി രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന രക്ഷിതാക്കൾക്ക് എങ്ങിനെ ഒരേ സമയം കുട്ടികൾക്ക് കമ്പ്യൂട്ടറും, ഇന്റർനെറ്റ് സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിയുമെന്നുള്ളതും വലിയൊരു ആശങ്കയായി നിലനിൽക്കുന്നുണ്ട്. എന്നാൽ നിശ്ചിത സമയം വെച്ച് വിവിധ ക്ലാസുകൾക്ക് വ്യത്യസ്ത സമയം അനുവദിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും ഇതിനായി അധ്യാപകരും രക്ഷിതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും വിവിധ സ്കൂൾ അധികൃതർ പറയുന്നു. അതെ സമയം ഓൺ ലൈൻ അധ്യാപനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി കമ്പ്യൂട്ടർ, കാമറ വില്പന കേന്ദ്രങ്ങൾ ഡോർ ടു ഡോർ ഡെലിവറി സേവനം വരെ നൽകി വരുന്നുണ്ട്.
വിവിധ സ്കൂളുകൾ ഇതിനകം അധ്യാപകർക്ക് ക്ലൗഡ് ആപ്ലിക്കേഷന്റെ ഉപയോഗ ക്രമത്തെ കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്. ഓൺ ലൈൻ ക്ലാസുകൾ വഴി കുട്ടികൾക്ക് രെഗുലർ ക്ലാസുകൾക്ക് സമാനമായ പരിശീലനം തന്നെ നൽകാനാവുമെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്സുകൾ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും ഷെയർ ചെയ്യും. മാറ്റി വെക്കപ്പെട്ട പരീക്ഷകൾ ഓൺ ലൈൻ വഴി നടത്തി മാർച്ച് 26ന് തന്നെ റിസൽട്ട് പ്രഖ്യാപിച്ചുവെന്നും കുട്ടികളെ ക്രിയാത്മകമാക്കാനുതകുന്ന അധ്യാപന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും മോഡേൺ ഇന്റർനാഷണൽ സ്കൂൾ ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ റഷീദ് ഭീമനാട് ‘സുപ്രഭാത’ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."