കള്ളുഷാപ്പുകളുടെ പിന്‍വാതില്‍ തുറക്കുമ്പോള്‍
കൊവിഡ് - 19ന്റെ വ്യാപനത്തെ തുടര്‍ന്ന് എല്ലാറ്റിനും പൂട്ടിടാനുള്ള ജാഗ്രതയിലായിരുന്നു എല്ലാവരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തെ പൂട്ടി. ചര്‍ച്ചുകള്‍ക്കും പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും കടുത്ത നിയന്ത്രണം വീണു. ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും കമ്പനികളും അടച്ചിട്ടു. ഹോട്ടലുകളും റസ്റ്ററന്റുകളും അടക്കമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും പൂട്ടുകയോ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു.
പൂട്ടുമായി സര്‍ക്കാരും പൊലിസും രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും സാമൂഹ്യസേവാ സംഘങ്ങളും മറ്റു സംഘടന ഇല്ലാത്തവരും എല്ലാവരും ഓടുകയായിരുന്നു. പ്രാര്‍ഥനാ സമയം അറിയിക്കാനുള്ള വാങ്ക് വിളിയെ പൂട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ചില പൊലിസുകാര്‍ അവരുടെ ജോലിയോടുള്ള കടുത്ത ആത്മാര്‍ഥത മൊല്ലാക്കയെ തല്ലിച്ചതച്ചു തെളിയിച്ച വാര്‍ത്തയുമുണ്ടായിട്ടുണ്ട്.
ജനങ്ങളുടെ പൂര്‍ണമായ സഹകരണം സന്തോഷകരമാണ്. എന്തൊക്കെ പൂട്ടിയാലും ഈ കൊറോണയെ ഇവിടെനിന്ന് നാടുകടത്തുക തന്നെ ചെയ്യണം എന്ന ചിന്തയില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. മനുഷ്യരെ മനുഷ്യരാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ അശാന്തി നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരിത്തിരി ശാന്തിയുടെ തണല്‍ ലഭിക്കുന്ന ദേവാലയങ്ങള്‍ വരെ അടച്ചുപൂട്ടേണ്ടി വന്നിട്ടും ഒരു സ്ഥാപനം മാത്രം പൂട്ടാന്‍ പാടില്ലാത്തത് പോലെ മൃദുല സമീപനം സ്വീകരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പാടുപെടുന്നതാണ് നാം കണ്ടത്. മനുഷ്യകുലത്തിന് എക്കാലത്തും ഏറെ ഉപദ്രവകാരിയായ മദ്യത്തോടാണ് ഈ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരുന്നത്.
മദ്യഷാപ്പുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും സംരക്ഷണം നല്‍കാന്‍ പലനിലക്കും ശ്രമം നടത്തി. വ്യാജമദ്യം ഒഴുകുമെന്നും അത് നാടിന് ആപത്താണെന്നും പ്രചരിപ്പിച്ചു. ഏതൊരു നിയമംകൊണ്ടു വരുമ്പോഴും ഉന്നയിക്കാവുന്ന ആ വാദം വളരെ ബാലിശമാണ്. പിന്നെ പറഞ്ഞത് അത് കുടിച്ചു ശീലിച്ചവര്‍ക്ക് മദ്യം കിട്ടാതിരുന്നാലുള്ള വിഷമം വളരെ കഠിനമായിരിക്കുമെന്നും ആത്മഹത്യയിലേക്ക് വരെ അത് നയിക്കുമെന്നും പ്രചരിപ്പിച്ചു. എന്നാല്‍ ഇതുവരെയായി കള്ളുകുടിച്ച് മരിച്ചവരുടെ എണ്ണത്തിന് വല്ല കണക്കുമുണ്ടോ? കാഴ്ച നഷ്ടപ്പെട്ടത് അടക്കമുള്ള അംഗവൈകല്യം സംഭവിച്ചതിന് രേഖകളില്ല. കൂടാതെ കുടുംബ കലഹം, കൊല, സമൂഹമധ്യത്തില്‍ കലാപം തുടങ്ങിയ എല്ലാ വിപത്തുകള്‍ക്ക് പിന്നിലും ലഹരി ഉപയോഗമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആളുകള്‍ കൂട്ടം കൂടാതിരിക്കുക എന്നത്. അതിനുവേണ്ടിയാണ് മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഒക്കെ പൂട്ടിടേണ്ടി വന്നത്. എന്നാല്‍ മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ തടിച്ചുകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങളുടെ ചിത്രമടക്കമുള്ള വാര്‍ത്തകള്‍ വൈറലായതുകൊണ്ട് ജനരോഷം ആളിപ്പടര്‍ന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ മദ്യഷാപ്പുകള്‍ക്കും പൂട്ടു വീണു. സന്തോഷകരം തന്നെ. ഈ മഹാമാരി നാടു കടക്കുന്നത് വരെയെങ്കിലും ഈ കുടി ശല്യം നാട്ടില്‍നിന്ന് ഒഴിവാകുമല്ലോ എന്ന് ജനം കരുതി സന്തോഷിച്ചു.
ഒറ്റപ്പെട്ട കുടിരോഗികള്‍ ചിലയിടങ്ങളില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ട സര്‍ക്കാര്‍ ഇത്തരം രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പ് നല്‍കണമെന്നും എന്നാല്‍ മദ്യം നല്‍കാവുന്നതാണെന്നും ഓര്‍ഡര്‍ ഇറക്കി. ഈ ഉത്തരവിനെ ഡോക്ടര്‍മാരുടെ സംഘടന ഒറ്റക്കെട്ടായി എതിര്‍ത്തു. രോഗികളെ എങ്ങനെയാണ് ചികിത്സിക്കേണ്ടത് എന്നും എന്ത് മരുന്നുകളാണ് നല്‍കേണ്ടതെന്നും നിര്‍ദേശിക്കേണ്ടത് ഡോക്ടര്‍മാരാണ്, രാഷ്ട്രീയക്കാരല്ല. അടി സര്‍ക്കാര്‍ വടികൊടുത്തു വാങ്ങിയതാണ്. മേല്‍ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ ഒരു പരീക്ഷണത്തിന് ഇറങ്ങാതിരിക്കുന്നതായിരിക്കും സര്‍ക്കാരിന് ഏറ്റവും ഗുണകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."