നാലു വര്‍ഷമായി ശമ്പളമില്ല; ജീവിതം വഴിമുട്ടി അയ്യായിരത്തോളം അധ്യാപകര്‍
മുക്കം: നാല് വര്‍ഷമായി ശമ്പളം ലഭിക്കാതെ സര്‍ക്കാറിന്റെ കനിവുകാത്ത് സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍.
വിരമിക്കല്‍ അടക്കമുള്ള വിവിധ ഒഴിവുകളില്‍ അധ്യാപക തസ്തികകളില്‍ ജോലിക്ക് കയറിയ ഇവര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നിയമനം നല്‍കിയിട്ടില്ല.
ദിവസം മുഴുവന്‍ അധ്യാപക ജോലി ചെയ്തതിനു ശേഷം ലഭിക്കുന്ന കുറഞ്ഞ സമയത്തും ഒഴിവുദിനങ്ങളിലും ട്യൂഷന്‍ എടുത്തും കൂലിപ്പണിയെടുത്തുമാണ് ഇവര്‍ നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഈ വരുമാനമാര്‍ഗവും നിലച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ വിദ്യാഭ്യാസ യോഗ്യതകളുമുള്ള ഇവര്‍ സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമടക്കം വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമായി അഹോരാത്രം പരിശ്രമം നടത്തുന്നവരാണ്.
നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാഭ്യാസ ഓഫിസുകളിലും സെക്രട്ടറിയേറ്റിലും വിദ്യാഭ്യാസ മന്ത്രിയുടെ കാര്യാലയത്തിലും നിരന്തരം കയറിയിറങ്ങിയിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്ന് അധ്യാപകര്‍ നിരാശയോടെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."