മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയിലെങ്ങും ഹര്‍ത്താലിന്റെ പ്രതീതി
ഒലവക്കോട്: ഇന്‍ഷുറന്‍ സ്തുക വര്‍ധിപ്പിക്കുന്നതിനെതിരേ നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും ഗ്രാമീണമേഖലയിലുള്ളവര്‍ സ്വകാര്യബസ്സുകളും ഓട്ടോറിക്ഷകളും ഇല്ലാത്തതിനാല്‍ ഏറെ ദുരിതത്തിലായി.
കോഴിക്കോട് ഗുരുവായൂര്‍, തൃശൂര്‍ റോഡുകളില്‍ ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉണ്ടായിരുന്നെങ്കിലും മലയോരമേഖലകളിലും മറ്റു ഗ്രാമീണമേഖലകളിലും യാത്രാക്ലേശം ദുരിതമായിരുന്നു. കൊഴിഞ്ഞമ്പാറ, ചെര്‍പ്പുളശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, മലമ്പുഴ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്. സ്വകാര്യ ബസുകള്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് ഇല്ലാത്തതിനാല്‍ യാത്രക്കാരെ വലച്ചു.
പണിമുടക്കറിയാതെ അന്യസംസ്ഥാനങ്ങളില്‍നിന്ന് റെയില്‍വെസ്റ്റേഷനുകളിലും, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും എത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. സ്വകാര്യ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളും മിക്കതും അടഞ്ഞു കിടക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷമാണ് വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നത്. നഗരനിരത്തുകളും ബസ് സ്റ്റാന്‍ഡുകളെല്ലാം വിജനമായിരുന്നു. വൈകുന്നേരത്തോടെ അത്യാവശ്യം ഓട്ടോറിക്ഷാ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."