പോത്തന്‍കോടിന് ആശ്വാസം: സമൂഹവ്യാപനം ഇല്ല, അധികനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കൊവിഡ്19 രോഗം ബാധിച്ചയാള്‍ മരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
പോത്തന്‍കോട് വാവറയമ്പലം സ്വദേശി മരിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് പഞ്ചായത്തിലും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുമാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. ഈ ഉത്തരവ് റദ്ദാക്കി ജില്ലാ കളക്ടര്‍ പുതിയ ഉത്തരവിറക്കി. മരിച്ചയാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നാണ് സൂചന. മരിച്ചയാളുടെ ബന്ധുക്കള്‍ അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകള്‍ നെഗറ്റീവ് ആയിരുന്നു.
പോത്തന്‍കോട് പഞ്ചായത്ത്, അണ്ടൂര്‍കോണം പഞ്ചായത്തിലെ പോത്തന്‍കോടുമായി ബന്ധപ്പെടുന്ന പ്രദേശങ്ങള്‍, കാട്ടായിക്കോണം കോര്പ്പറേഷന് ഡിവിഷനിലെ അരിയോട്ടുകോണം തുടങ്ങിയ പ്രദേശങ്ങളാണ് മൂന്നു ദിവസമായി പൂര്‍ണമായി അടച്ചിട്ടത്. പോത്തന്‍കോട് പ്രദേശത്തെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
നിലവില്‍ പോത്തന്‍കോടിലെയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ വീടുകളില്‍ തന്നെ തുടരണം. എന്നാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിന് അടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."