അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍
കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ ട്വീറ്റ് ചെയ്തു.
'സേവ് കര്‍ണാടക ഫ്രം പിണറായി' എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസര്‍കോട് ജില്ലയിലെ കോവിഡ് 19 പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകളെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പറയുന്നു.
വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍കോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. ഇതിനിടയില്‍ പിണറായി വിജയന് രാഷ്ട്രീയം കളിക്കരുത്.കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന് തയ്യാറാവണമെന്നും കട്ടീല്‍ ട്വീറ്റില്‍ പറയുന്നു.
കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബി.ജെ.പി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."