മക്കള്‍ ഉപേക്ഷിച്ച അച്ഛന് പൊലിസ് തുണയായി
കല്ലമ്പലം: നാല് മക്കള്‍ ഉണ്ടായിട്ടും ആരും വീട്ടില്‍ കയറ്റാതായതോടെ കോരിച്ചൊരിയുന്ന മഴയത്ത് കടത്തിണ്ണയില്‍ അഭയം തേടിയ രോഗിയായ വയോധികന് കല്ലമ്പലം പൊലിസ് തുണയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന നാവായിക്കുളം കപ്പാംവിള ചരുവിള പുത്തന്‍ വീട്ടില്‍ ഉത്തമന്‍പിള്ള (72) യാണ് മക്കള്‍ വീട്ടില്‍ കയറ്റാതായതോടെ കടത്തിണ്ണയില്‍ അഭയം പ്രാപിച്ചത്.
ഉത്തമന്റെ ഭാര്യക്ക് മക്കള്‍ പറയുന്നതിനപ്പുറം സ്വന്തമായി ഒരു നിലപാട് ഇല്ലാത്തതും അച്ഛനെ നോക്കാന്‍ മക്കള്‍ ഒരേപോലെ തയ്യാറാകാതിരുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാട്ടുകാര്‍ മക്കളോട് അച്ഛനെ കൊണ്ടുപോകാന്‍ ഫോണില്‍ക്കൂടി ആവശ്യപ്പെട്ടെങ്കിലും കൊണ്ടുപോകാന്‍ ആരും കൂട്ടാക്കിയില്ല. മഴയും തണുപ്പും മൂലം ശ്വാസംമുട്ടും മറ്റു അസ്വസ്ഥതകളും അധികമാകുകയും നേരം ഇരുട്ടുകയും ചെയ്തതോടെ നാട്ടുകാര്‍ കല്ലമ്പലം പൊലിസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കല്ലമ്പലം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ നാരായണന്‍, അനൂപ്, ബിനുപ്രകാശ്, സജിത്ത് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
വഞ്ചിയൂര്‍, വെള്ളല്ലൂര്‍, കപ്പാംവിള എന്നിവിടങ്ങളിലായി താമസിക്കുന്ന നാല് മക്കളെയും പൊലിസ് ഫോണ്‍ ചെയ്തു വിവരം അറിയിച്ചിട്ടും ആരും വരാനോ അച്ഛനെ കൂട്ടികൊണ്ടുപോകാനോ തയാറായില്ല.
തുടര്‍ന്ന് പൊലിസ് ഉത്തമന്‍പിള്ളയെ പൊലിസ് വാഹനത്തില്‍ കയറ്റി ഒരു മകളുടെ വീട്ടിലെത്തിക്കുകയും അടുത്ത ദിവസം എല്ലാ മക്കളെയും സ്റ്റേഷനില്‍ വിളിപ്പിച്ച് മാതാപിതാക്കളെ നോക്കാതെ ഉപേക്ഷിച്ചാല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മക്കളെല്ലാപേരും കൂടി നോക്കാമെന്നുള്ള ഉറപ്പില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."