കേരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍: എം.എല്‍.എയുടെ സബ്മിഷന്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ആയഞ്ചേരി: കേര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ സബ്മിഷനിലൂടെ അവതരിപ്പിച്ച പാറക്കല്‍ അബ്ദുല്ല എം.എല്‍.എ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തി നിയമസഭയില്‍ എം.എല്‍.എ നടത്തിയ ശ്രദ്ധക്ഷണിക്കലിന്റെ വീഡിയോ ക്ലിപ്പുകളാണ് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.
സഭയില്‍ കന്നി അംഗമായ പാറക്കലിന്റെ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള സബ്മിഷന്‍ മൂന്നു ദിവസം കൊണ്ട് നൂറു കണക്കിനു പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. തേങ്ങയുടെ വിലയിടിവും വരള്‍ച്ച മൂലമുണ്ടായ കൃഷിനാശവും കൊണ്ടു ദുരിതമനുഭവിക്കുന്ന കേരകര്‍ഷകര്‍ക്കു മതിയായ ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട എം.എല്‍.എ തന്റെ സബ്മിഷനിലൂടെ ക്ഷീര കര്‍ഷകര്‍ക്കും റബര്‍ കര്‍ഷകര്‍ക്കും ലഭിക്കുന്ന പല ആനുകൂല്യങ്ങളും കേര കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്ന യാഥാര്‍ഥ്യം സഭയ്ക്കു മുന്‍പാകെ അവതരിപ്പിക്കുകയും ചെയ്തു.
മലയോര മേഖലയിലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മറ്റൊരു സബ്മിഷനിലൂടെ പാറക്കല്‍ സഭയില്‍ അവതരിപ്പിച്ചിരുന്നു. 'ചോദ്യം വികസനമാണെങ്കില്‍ ഉത്തരം മാറ്റമാണെ'ന്ന പ്രഖ്യാപനവുമായി മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ പാറക്കല്‍ അബ്ദുല്ല, മൂന്നര പതിറ്റാണ്ടിന്റെ ഇടതുകുത്തക തകര്‍ത്താണ് കുറ്റ്യാടി മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട് ഇത്തവണ നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."