ആശ്വാസം: സംസ്ഥാനത്ത് ഇന്ന് കൊറോണ ഭേദമായത് 14 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 14 പേര്‍ക്കു കൂടി രോഗം ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന അഞ്ചുപേര്‍, കാസര്‍കോട് മൂന്നുപേര്‍, ഇടുക്കിയില്‍ രണ്ടുപേര്‍, കോഴിക്കോട് രണ്ടുപേര്‍ (ഇതില്‍ ഒരാള്‍ കാസര്‍കോട്ടുകാരനാണ്), പത്തനംതിട്ട ഒരാള്‍, കോട്ടയം ഒരാള്‍ എന്നിങ്ങനെയാണ് രോഗം ഭേദമായവര്‍.
കൊവിഡ് ബാധിതരെ ചികിത്സിക്കുമ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് ഇന്ന് രോഗമുക്തി നേടിയ ഒരാള്‍ എന്നത് കൂടുതല്‍ ആശ്വാസകരമായ ഒരു വിവരമാണ്. കോട്ടയത്തുതന്നെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് വീട്ടിലേക്കു പോയി. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിനിടയാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ കലവറയില്ലാതെ വീണ്ടും വീണ്ടും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1,69,997 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,69,291 പേര് വീടുകളിലും 706 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 8126 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ടെസ്റ്റിങ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനം. ഇപ്പോള്‍ നാലോ അഞ്ചോ തരം രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് എടുക്കുന്നത്. ഒന്നോ രണ്ടോ ലക്ഷണമുണ്ടെങ്കില്‍ തന്നെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്യും. റാപ്പിഡ് ടെസ്റ്റ് സംവിധാനമടക്കം പരിശോധനയ്ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."