ജേക്കബ് തോമസിനെ പുറത്താക്കി
തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് അധികച്ചുമതല. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.
അടിക്കടി കോടതിയില്‍നിന്നുള്ള വിമര്‍ശനവും ജിഷാ കേസിലുള്ള വിജിലന്‍സ് റിപ്പോര്‍ട്ടുമാണ് പെട്ടെന്ന് സ്ഥാനംതെറിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. വിജിലന്‍സ് ഡയരക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച ചോദിച്ചിരുന്നു.
വിജിലന്‍സിനെ നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന് സി.പി.എമ്മും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ജേക്കബ് തോമസിനെതിരേയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുമെന്നതിനാല്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് അടിയന്തര യോഗത്തിലും ആവശ്യമുയര്‍ന്നിരുന്നു.
മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട ബാറ്ററി, ബാര്‍ കേസുകള്‍ എന്നിവയില്‍ ജേക്കബ് തോമസ് കര്‍ശന നിലപാടെടുത്തിരുന്നു. ജയരാജനെതിരേ അഴിമതി നിരോധന നിയമത്തിലെ 13(1)ഡി വകുപ്പാണ് ചുമത്തിയിട്ടുള്ളത്.
അഴിമതിവിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടറായി നിയമിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, പലപ്പോഴും കോടതിയില്‍നിന്ന് വലിയ വിമര്‍ശനമാണ് ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരേ ഉണ്ടായത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം മുഖ്യമന്ത്രി ജേക്കബ് തോമസിനെ പിന്തുണച്ചിരുന്നു. അതിനിടെ, പകരക്കാരന്‍ വന്നതിനാല്‍ പടിയിറങ്ങുകയാണെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."