ഉപ്പിന് കാരമില്ലാതാവുമ്പോള്‍...
കൊവിഡിന്റെ പേരില്‍ അടച്ചിട്ട തലപ്പാടിയിലെ കേരള- കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ദേശിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുവാനുള്ള കര്‍ണാടക സര്‍ക്കാര്‍ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. പക്ഷേ കേരള ഹൈക്കോടതി വിധിയനുസരിച്ച് അതിര്‍ത്തി തുറക്കാന്‍ കേന്ദ്രത്തോട് കല്‍പിക്കുവാനും സുപ്രിംകോടതി വിസമ്മതിക്കുകയും കേസ് തുടര്‍വാദത്തിനായി ചൊവ്വാഴ്ചത്തേക്കു മാറ്റിവയ്ക്കുകയും ചെയ്തു. അതീവ പ്രാധാന്യമുള്ള കേസുകളുടെ ഗണത്തില്‍പ്പെടുത്തിയാണു കേരള ഹൈക്കോടതി വിധിയെ ചോദ്യംചെയ്തുള്ള കര്‍ണാടകയുടെ അപ്പീല്‍ ഒന്നരമണിക്കൂര്‍ സമയം വീഡിയോ കോണ്‍ഫറന്‍സ് വഴി സുപ്രിംകോടതി വാദംകേട്ടത്. വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ വിധയനുസരിച്ച് അതിര്‍ത്തി തുറന്നുകൊടുക്കാനുള്ള യാതൊരു നീക്കവും കര്‍ണാടക സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാവാനിടയില്ല. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ചേര്‍ന്നു പ്രശ്‌നം രമ്യതയില്‍ തീര്‍ക്കണമെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി കേസ് തുടര്‍വാദത്തിനായി മാറ്റിയത്. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സമ്മേളനത്തില്‍ പോലും ഉന്നയിക്കാനോ പ്രശ്‌നപരിഹാരം കാണാന്‍ സാധിക്കാത്ത ഈ വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയുണ്ടായിട്ടും തികച്ചും ധിക്കാരപരമായ സമീപനം കൈക്കൊണ്ട കര്‍ണാടക സര്‍ക്കാരില്‍ നിന്നു പ്രശ്‌ന പരിഹാരത്തിന് അനുകൂലമായ നിര്‍ദേശമുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. അനുകൂല വിധിയുണ്ടായിട്ടും വിധിയുടെ ഫലമനുഭവിക്കാന്‍ നമുക്ക് സാധിച്ചില്ല. ഫലത്തില്‍ ചൊവ്വാഴ്ച വരെ കേരളത്തിന് അനുകൂലമായ ഹൈക്കോടതി വിധി മരവിപ്പിക്കപ്പെട്ടുവെന്നര്‍ഥം.
വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്ത കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജനങ്ങള്‍ ഇതുവരെ പ്രധാനമായും ആതുര ശുശ്രൂഷയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നതു മംഗളൂരുവിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളെയാണ്. മംഗളൂരു കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മൂന്നു മെഡിക്കല്‍ കോളജുകളും മംഗളൂരുവിനടുത്ത് സ്ഥിതി ചെയ്യുന്ന മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജും ഉള്‍പ്പെടെ ഏഴു മെഡിക്കല്‍ കോളജുകളിലും ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലും ചികിത്സ തേടിയിരുന്ന രോഗികളില്‍ വലിയൊരു ശതമാനം വടക്കന്‍ കേരളത്തിലെ മലയാളികളായ രോഗികളാണ്. അത്തരം രോഗികളുടെ തുടര്‍ ചികിത്സയാണ് അതിര്‍ത്തി പൊടുന്നനെ അടച്ചുപൂട്ടിയതു കാരണം തടസപ്പെട്ടതും.
ലോക്ക് ഡൗണിന്റെ ആദ്യത്തെ ആഴ്ചകളില്‍ മാത്രം പെട്ടെന്നുണ്ടായ അതിര്‍ത്തി അടച്ചതുമൂലം വഴിമധ്യേ ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ ഏഴുപേരാണു മരിച്ചത്. അവരിലാരും കൊവിഡ് രോഗികളായിരുന്നില്ല. അന്യസംസ്ഥാന സര്‍ക്കാരിന്റെ നിയമ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യന്‍ യൂനിയനില്‍ എവിടെയും സഞ്ചരിക്കാനും യാത്രചെയ്യാനും ഭരണഘടന അനുഛേദം 19 (ഡി) അനുസരിച്ച് നല്‍കുന്ന അവകാശമാണു കര്‍ണാടക സര്‍ക്കാരിന്റെ ഈ നടപടി മൂലം ഹനിക്കപ്പെട്ടതും അതുമൂലം ഏഴു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തത്. മംഗളൂരുവിലെ ആശുപത്രികളില്‍ തുടര്‍ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ ചികിത്സ നിഷേധിക്കപ്പെട്ടതുമൂലം അടച്ചുപൂട്ടപ്പെട്ട വീടുകള്‍ രോഗവുമായി മല്ലിട്ടു കഴികയുമാണ്.
കേരളകര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എന്‍.എച്ച് 66, 1956ലെ ദേശീയപാതാ ആക്ട് അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ദേശീയപാതയില്‍കൂടിയുള്ള ഗതാഗതം തടസപ്പെടുത്തുംവിധം എന്തു തടസമുണ്ടാക്കുന്നതും ദേശീയ പാതാ ആക്ട് അനുസരിച്ച് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ചുമത്താവുന്ന ശിക്ഷയാണ്. മാര്‍ച്ച് 31ന് അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചതു 1897ലെ എപിഡിമിക് ഡിസീസ് ആക്ട് അനുസരിച്ചാണ്. പ്രസ്തുത നിയമമനുസരിച്ച് ദേശീയപാത അടച്ചുപൂട്ടാനോ സംസ്ഥാന അതിര്‍ത്തി സീല്‍ ചെയ്യാനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കു യാതൊരു അധികാരവും നല്‍കുന്നില്ല. അപ്രകാരം 1897ലെ എപിഡിമിക് ഡിസീസ് ആക്ടില്‍ അതിര്‍ത്തി അടച്ചുപൂട്ടല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കാത്തതു കൊണ്ടാണല്ലോ മാര്‍ച്ച് 27നു കേരള ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020ലെ കേരളാ എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിലെ 4 (2) (സി) വകുപ്പ് കൂട്ടിച്ചേര്‍ത്ത് സംസ്ഥാന സര്‍ക്കാരിന് അതിര്‍ത്തി അടച്ചുപൂട്ടല്‍ അധികാരം നല്‍കിയിട്ടുള്ളത്. പ്രസ്തുത വകുപ്പ് തന്നെ 1956ലെ ദേശീയപാതാ ആക്ടിനു വിരുദ്ധമാണ്.
ഏതെങ്കിലും ഒരു കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കണ്‍കറന്റ് ലിസ്റ്റിലെ വിഷയത്തില്‍ സംസ്ഥാനം നിയമം നിര്‍മിക്കുമ്പോള്‍ രാഷ്ട്രപതിയുടെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. കേരളത്തിന്റെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതിയില്ല. മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളുടെയോ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്കുള്ള തടയല്‍ കണ്‍കറന്റ് ലിസ്റ്റ് 29ാം ഇനത്തില്‍പ്പെട്ട വിഷയമാകയാല്‍ കേരള ഓര്‍ഡിനന്‍സിലെ 4 (2) (സി) വകുപ്പിന്റെ ഭരണഘടനാ സാധുത അനുഛേദം 254 (2) അനുസരിച്ച് നിയമപ്രാബല്യമില്ലാത്തതാണ്. 1897ലെ എപിഡിമിക് ഡിസീസ് ആക്ടില്‍ ഇല്ലാത്തതും ദേശീയപാതാ ആക്ടിന് കടകവിരുദ്ധമാകയാല്‍ തന്നെ കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ച്ച് 31ലെ അതിര്‍ത്തി അടച്ചുപൂട്ടിയ ഉത്തരവ് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. സുപ്രിംകോടതി മേല്‍കാരണങ്ങളാലാണ് കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. പക്ഷേ കേരളാ ഹൈക്കോടതി ഉത്തരവനുസരിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കാതെ അനുരഞ്ജന പാത സംബന്ധിച്ച് നിരീക്ഷിച്ചതു ഫലത്തില്‍ നീതിനിഷേധം തന്നെയാണ്. സുപ്രിംകോടതിയുടെ നിഷ്‌ക്രിയത കര്‍ണാടക സര്‍ക്കാരിനു ചൊവ്വാഴ്ച വരെ സ്റ്റേയുടെ ഫലം ചെയ്തു.
കേരളാ ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ അര്‍ധസത്യങ്ങളും അബദ്ധ ജഡിലവുമായിരുന്നു. കേരളം മാരകമായ കൊവിഡ് രോഗ സംസ്ഥാനമാണെന്നും കാസര്‍കോട് ഹോട്‌സ്‌പോട്ട് എന്ന നിലയില്‍ കൊവിഡ് രോഗികള്‍ കൂട്ടംകൂട്ടമായി മംഗളൂരുവിലേക്കു പ്രവഹിക്കുന്നതു രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞ മംഗളൂരുവിലെ ആശുപത്രികളില്‍ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പും അതുവഴി ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന കര്‍ണാടക വാദം വാസ്തവ വിരുദ്ധമാണ്. കേരളം ഒരൊറ്റ കൊവിഡ് രോഗിക്കും മംഗളൂരുവില്‍ ചികിത്സ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. അത്തരമൊരു ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ല, ഉന്നയിക്കുകയുമില്ല. കാരണം സംസ്ഥാനത്തെ എല്ലാ കൊവിഡ് രോഗികള്‍ക്കും സംസ്ഥാനത്തിനകത്ത് തന്നെയാണ് ചികിത്സയൊരുക്കിയിട്ടുള്ളത്. രോഗികളുടെ നിരീക്ഷണവും സംസ്ഥാനത്തിനകത്ത് തന്നെയാണ്. മംഗളൂരുവിലെ ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞുകവിഞ്ഞുവെന്ന വാദവും യാതൊരു കണക്കുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല. കര്‍ണാടക സര്‍ക്കാര്‍ ഏകപക്ഷീയമായി അതിര്‍ത്തിയടച്ച നടപടി രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും ആയതിനാല്‍ കേരളാ ഹൈക്കോടതിയില്‍ റിട്ട് നിലനില്‍ക്കില്ലെന്നും മറിച്ച് കേരളം ഭരണഘടനാ അനുഛേദം 131 അനുസരിച്ച് സുപ്രിംകോടതിയില്‍ ആദ്യ അന്യായം ബോധിപ്പിക്കണമെന്ന വാദവും നിലനില്‍ക്കില്ല. രണ്ടു സംസ്ഥാനങ്ങളുടെ തര്‍ക്കം ഉണ്ടാകണമെങ്കില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി കര്‍ണാടക സര്‍ക്കാരിനെതിരേ ഉണ്ടായിരിക്കണം. അതുണ്ടായിട്ടില്ല.
ഭരണഘടനയുടെ രക്ഷകരാണ് സുപ്രിംകോടതി. ലോകത്തിലെ ഏറ്റവും ശക്തവും അധികാരവുമുള്ള ഒരു ന്യായാസനമാണ് ഇന്ത്യന്‍ സുപ്രിംകോടതി. അനുഛേദം 32 അനുസരിച്ച് ഭരണഘടനയനുസരിച്ചുള്ള മൗലികാവകാശം സംബന്ധിച്ചുള്ള സങ്കട നിവൃത്തി തേടുവാനുള്ള അവകാശം തന്നെ അനുഛേദം 32 അനുസരിച്ച് ഒരു മൗലികാവകാശമാണ്. സുപ്രിം കോടതി അതിന്റെ അധികാരതയുടെ പ്രയോഗത്തില്‍ അതിന്റെ മുമ്പാകെ നിലവിലുള്ള ഏതെങ്കിലും കാരണത്തിലോ വിഷയത്തിലോ സമ്പൂര്‍ണ നീതി നടത്തുന്നതിന് ആവശ്യമായ വിധി പാസാക്കുന്നതിനും അല്ലെങ്കില്‍ അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനും അനുഛേദം 142 അനുസരിച്ച് പരമമായ അധികാരം നിക്ഷിപ്തമാണ്. ഭരണകൂടം തെറ്റായ വഴിക്ക് നീങ്ങുമ്പോള്‍ സങ്കട നിവൃത്തിക്കുള്ള ഏക അഭയം ഭരണഘടനാ കോടതികള്‍ തന്നെയാണ്. കര്‍ണാടക സര്‍ക്കാരിന്റെ വാദത്തിന്റെ പൊള്ളത്തരം മനസിലാക്കിയ സുപ്രിം കോടതി കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ സ്വാഭാവികമായും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിധിയനുസരിച്ച് ഉടന്‍ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ കേന്ദ്രത്തോടും കര്‍ണാടക സര്‍ക്കാരിനോടും കല്‍പ്പിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. മറിച്ച് ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമൊത്ത് ചര്‍ച്ച ചെയ്യാനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം ഫലപ്രദമായൊരു പരിഹാരമല്ല.
മനുഷ്യജീവന്‍ സംരക്ഷിക്കുന്ന ഒരു വിഷയത്തില്‍ കേരളത്തിന് അനുകൂലമായി ഒരു വിധിയുണ്ടായിട്ടും അതിന്റെ ഗുണമനുഭവിക്കുന്നതിനെ തടസപ്പെടുത്തുകയോ വച്ചുപാര്‍പ്പിക്കുകയോ ചെയ്യാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഗൂഢതന്ത്രത്തിനുണ്ടായ വിജയമാണു സുപ്രിം കോടതിയുടെ നിഷ്‌ക്രിയത്വത്തിന്റെ പരിണിതഫലം. ഇന്ത്യന്‍ ഭരണഘടനാ നീതിന്യായ ചരിത്രം പരിശോധിച്ചാല്‍ സുപ്രിംകോടതിയുടെ പല മുന്‍പത്തെ വിധികളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജീവിക്കുന്ന വ്യക്തിയുടെ ജീവിക്കാനുള്ള പരമമായ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചുള്ളതായിരുന്നു. 1989ലെ സുപ്രിം കോടതിയുടെ പണ്ഡിറ്റ് പരമാനന്ദ് വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ (എ.ഐ.ആര്‍ 1989 എസ്.സി 2039) കേസിലെ വിധിയനുസരിച്ച് ചികിത്സ ലഭിക്കുകയെന്നത് ഒരു രോഗിയുടെ ഭരണഘടനാപരമായ അവകാശമാണെന്നും അതു നിഷേധിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. ഭരണഘടന അനുഛേദം 21 അനുസരിച്ചുള്ള ജീവിക്കാവാനുള്ള അവകാശമെന്നത് ജീവിതോപാധി ഉള്‍പ്പെടെയുള്ളതാണെന്നും അതുകൊണ്ട് തന്നെ ജീവിതോപാധി നിഷേധിച്ചുകൊണ്ടുള്ള ജീവിക്കാനുള്ള അവകാശം തികച്ചും അപൂര്‍ണമാണെന്നുമാണ് സുപ്രിം കോടതിയുടെ ഓള്‍ഗ ടെല്ലീസ് വേഴ്‌സസ് ബോംബെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കേസിലെ (എ.ഐ.ആര്‍ 1986 എസ്.സി 180) വിധി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ചേരിനിവാസികളെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേയുള്ള പ്രസ്തുത വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ വിധിന്യായങ്ങളാണ്.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അടുത്തകാലത്തെ സുപ്രിം കോടതിയുടെ പലവിധികളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതാണോയെന്നു സംശയിക്കേണ്ടിവരും. കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് അറസ്റ്റുചെയ്ത് ജയിലിലടച്ച കശ്മീര്‍ സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരി നല്‍കിയ ഹരജിയില്‍ തരിഗാമിയെ മോചിപ്പിക്കാന്‍ ഉത്തരവിടുന്നതിനു പകരം യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തരുതെന്ന വ്യവസ്ഥയില്‍ സീതാറാം യെച്ചൂരിക്കു അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുകയാണ് സുപ്രിംകോടതി ചെയ്തത്.
'ഹേബിയസ് കോര്‍പ്പസ്' എന്ന പദത്തിനര്‍ഥം തന്നെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിക്കുമുമ്പാകെ ഹാജരാക്കുകയെന്നാണ്. പക്ഷേ പലപ്പോഴും അടുത്തകാലത്തായി പരമോന്നത കോടതിയുടെ വിധികള്‍ അര്‍ഥവ്യാപ്തി നഷ്ടപ്പെടുത്തക്ക വിധത്തിലുള്ളതാണ്. ഭര്‍ണകൂടം ദുര്‍ബലമാവുകയോ ജനവിരുദ്ധമായി അതിക്രമം അഴിച്ചുവിടുകയോ ചെയ്യുമ്പോള്‍ സക്രിയമാവേണ്ട ഭരണഘടനാ കോടതികള്‍ നിഷ്‌ക്രിയമാവുന്നതിന്റെ ഫലം ഉപ്പിനു കാരമില്ലാതാവുന്നതിന് സമാനമാണ്.
മനുഷ്യജീവനെ ബാധിക്കുന്ന പരമപ്രധാനമായ ഒരു വിധി മതിയായ കാരണങ്ങളില്ലാത്തതിനാല്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രിംകോടതി, സ്വഭാവികമായും രോഗികള്‍ക്ക് ഈ ലോക്ക്ഡൗണ്‍ കാലത്ത് ചികിത്സ ലഭ്യമാവുംവിധം ഹൈക്കോടതി വിധിയനുസരിച്ച് അതിര്‍ത്തി തുറക്കാന്‍ ഉത്തരവിടേണ്ടതായിരുന്നു. അതുണ്ടായില്ല, അതിനുപകരം കേസ് ചൊവ്വാഴ്ചത്തക്ക് മാറ്റിവച്ചു. ചൊവ്വാഴ്ച വരെയുള്ള ഓരോമണിക്കൂറും മംഗളൂരു ആശുപത്രികളില്‍ നിന്ന് തുടര്‍ചികിത്സ ആവശ്യമായി വീട്ടില്‍ രോഗവുമായി മല്ലിട്ടു ജീവിക്കുന്ന രോഗികള്‍ക്കു നിര്‍ണായകമാണ്. ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഉണ്ടോ? ഇല്ല. വിധിയനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചോ? അതും ഇല്ല. കേരള ഹൈക്കോടതി സന്ധ്യവരെ വാദം കേട്ട് പുറപ്പെടുവിച്ചതും ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും കാത്തിരുന്നു നേടിയ വിധി ഫലത്തില്‍ ചൊവ്വാഴ്ച വരെ മരവിപ്പിച്ചു. അടുത്തകാലത്ത് നമ്മുടെ രാജ്യത്തെ സുപ്രിംകോടതിക്കുണ്ടായ ഈ മരവിപ്പ് ഫലത്തില്‍ രാജ്യത്തെ ഭരണകൂട ഭീകരതയുടെ വാതില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.
(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."