മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നത് സമുദായം തിരിച്ചറിയണം
സഊദി അറേബ്യയിലെ അല്‍റിയാദ് ദിനപത്രം റിപ്പോര്‍ട്ടറായിരുന്നു സഫറുല്‍ ഇസ്‌ലാം. മുസ്‌ലിംകള്‍ക്കെതിരേ ഗുജറാത്തിലും കശ്മീരിലും നടന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 17 വര്‍ഷങ്ങള്‍ക്കുമുന്‍പ് പത്രത്തില്‍നിന്നു പുറത്താക്കപ്പെട്ടു. കശ്മിരിലെയും ഗുജറാത്തിലെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യാ സഊദി ബന്ധം തകര്‍ക്കുന്നുവെന്ന സഊദി അംബാസഡറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അതിനുശേഷം അദ്ദേഹം ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി 'മില്ലി ഗസറ്റ് ' എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചു. എന്നാല്‍, സാമ്പത്തികപ്രതിസന്ധി മൂലം 2016ല്‍ മില്ലി ഗസറ്റ് നിര്‍ത്തേണ്ടിവന്നു. ഗരുതരമായ മാധ്യമമൗനങ്ങള്‍ക്കിടയിലും കുറഞ്ഞസൗകര്യങ്ങള്‍ക്കിടയിലും 17 വര്‍ഷത്തോളം മില്ലി ഗസറ്റ് മുടങ്ങാതെ പ്രസിദ്ധീകരിച്ചുവെന്നതില്‍ ചരിതാര്‍ഥനാണ് അദ്ദേഹം. മുഹമ്മദ് സഫറുല്‍ ഇസ്‌ലാമിനോട് കശ്മിര്‍ ഒബ്‌സര്‍വര്‍ ലേഖകന്‍ അശ്‌റഫ് അലി നടത്തിയ അഭിമുഖം.
? 2016 ഡിസംബറില്‍ 'മില്ലി ഗസറ്റ് ' പ്രസിദ്ധീകരണം നിര്‍ത്തിയെന്ന സങ്കടകരമായ വാര്‍ത്തയാണു കേള്‍ക്കാന്‍ കഴിഞ്ഞത്. എന്തായിരുന്നു ഈ തീരുമാനത്തിലേക്കു നയിച്ച കാരണങ്ങള്‍.
സാമ്പത്തികപ്രയാസമല്ലാതെ മറ്റൊന്നുമല്ല. 2000 ല്‍ പത്രം തുടങ്ങുമ്പോള്‍ 3,000 രൂപയ്ക്കു ജോലിക്കാരെ കിട്ടിയിരുന്നു. ഇന്നു 15,000 കൊടുത്താലും കിട്ടില്ല. വേണ്ടത്ര പരസ്യം തരാനും പ്രസിദ്ധീകരണം വാങ്ങാനും സമുഹം തയാറാകുന്നുമില്ല. ചിലരൊക്കെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ സംഭാവന പിരിക്കാന്‍ പോയിട്ടില്ല.
തുടക്കത്തില്‍ പ്രതിമാസ നഷ്ടം 30,000 വരെയായിരുന്നു. അതു കൂടിക്കൂടിവന്ന് 1.50 ലക്ഷം വരെയായി. അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സാമ്പത്തികഞെരുക്കം മൂലം പലപ്പോഴും നിര്‍ത്താന്‍ ആലോചിച്ചിരുന്നു. വായനക്കാരുടെ താല്‍പര്യവും ചിലരുടെ സഹായവാഗ്ദാനവു മൂലം മുന്നോട്ടുപോവുകയായിരുന്നു. ഇപ്പോള്‍ എന്റെ ആരോഗ്യനില വളരെ മോശമാണ്. പത്രത്തിന്റെ മുന്നേറ്റത്തിനു പുതിയ എഡിറ്ററെ അന്വേഷിച്ചു. അനുയോജ്യനായ ആളെ കിട്ടിയില്ല. ചെലവുചുരുക്കുന്നതിനു 32 പേജില്‍ നിന്നു 24 ആക്കി ചുരുക്കിയിട്ടും ഗുണമുണ്ടായില്ല.
മില്ലി ഗസറ്റ് ആരുടെയും സ്വാധീനത്തിനു കീഴ്‌പ്പെടാതെ സ്വതന്ത്രമായി നിര്‍ത്താന്‍ പരമാവധി ശ്രമിച്ചു. പത്രം തുടങ്ങി മൂന്നാംവര്‍ഷം ഇന്ത്യന്‍ ആര്‍മി 40,000 രൂപ വാഗ്ദാനവുമായി വന്നു. അവര്‍ നല്‍കുന്ന 'വാര്‍ത്തകള്‍' പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. നല്ലതായാലും ചീത്തയായാലും വസ്തുതകള്‍ തുറന്നുപറയുമെന്നും കശ്മിരിലെ സൈനികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉറപ്പിച്ചുപറഞ്ഞ് ആ വാഗ്ദാനം നിരസിച്ചു.
? മില്ലി ഗസറ്റ് തുടങ്ങാനുള്ള സാഹചര്യവും ലക്ഷ്യവും എന്തായിരുന്നു.
സഊദി ദിനപത്രമായ അല്‍റിയാദിന്റെ ഇന്ത്യന്‍ ലേഖകനായിരുന്നു ഞാന്‍. മികച്ച ശമ്പളം. ആറുവര്‍ഷം ജോലി ചെയ്തു. അതിനിടയ്ക്കു കശ്മിരിലെയും ഗുജറാത്തിലെയും മുസ്‌ലിംകളുടെ ദയനീയമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതു വലിയ വിഷയമായി. ഒരു ദിവസം ഡല്‍ഹിയിലുള്ള സഊദി അംബാസഡര്‍ എന്നെ എംബസിയിലേക്ക് വിളിച്ചുവരുത്തി തുറന്നടിച്ചു: 'ഞങ്ങള്‍ ഇന്ത്യയോടു നല്ല ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. നീയതു തകര്‍ക്കാനും നോക്കുന്നു'. ഇന്ത്യാ ഗവണ്‍മെന്റിനെതിരേ ഒന്നും എഴുതരുതെന്ന് അദ്ദേഹം പറഞ്ഞു. ആ ആജ്ഞ ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിഞ്ഞില്ല. ആരോപണങ്ങളും പരാതികളും കൂടിക്കൂടി വന്നു. നിവൃത്തിയില്ലാതെ രാജിവച്ചു.
കോടിക്കണക്കിനു മുസ്‌ലിംകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വേട്ടയാടപ്പെടുന്നതും മുഖ്യധാരാ മാധ്യമങ്ങള്‍ അത് അവഗണിക്കുന്നതും എന്നെ വല്ലാതെ വേദനിപ്പിച്ചു. ചില ഉര്‍ദു പത്രങ്ങളിലൂടെയാണ് മുസ്‌ലിം പ്രശ്‌നങ്ങള്‍ പുറത്തറിയുന്നത്. ഒരു ഇംഗ്ലീഷ് പത്രവും മുസ്‌ലിം വാര്‍ത്ത നേരാംവണ്ണം കൊടുക്കാറില്ല. ഇതു പരിഹരിക്കാനാണ് അത്തരത്തിലൊരു ഇംഗ്ലീഷ് പത്രം തുടങ്ങിയത്.
വസ്തുതകള്‍ അറിയാന്‍ കലാപബാധിതപ്രദേശങ്ങളിലേക്കു പ്രത്യേകലേഖകരെ അയക്കാറുണ്ട്. ഹിന്ദുത്വഭീകരര്‍ അഴിഞ്ഞാടിയ കുശിനഗറിലേക്കുള്ള ലേഖകസംഘത്തെ ഞാന്‍ തന്നെയാണു നയിച്ചത്. ഇംഫാലിലെ 'പയനിയര്‍' പത്രം ആ പ്രദേശത്തെ 'ഇസ്‌ലാമിക് സ്റ്റേറ്റാ'യി തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത നല്‍കിയതിന്റെ ഫലമായി ചില സിമിപ്രവര്‍ത്തകരെ കുശിനഗര്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനുശേഷമായിരുന്നു ഞങ്ങളുടെ സംഘം അങ്ങോട്ടു പുറപ്പെട്ടത്. ഞങ്ങള്‍ നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്തു. 'പയനിയര്‍' പത്രം ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ കള്ളമാണെന്ന ഇംഫാല്‍ പൊലിസ് ഡയറക്ടറുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ട് ചെയ്തു. ഇതൊക്കെയായിരുന്നു മില്ലി ഗസറ്റിന്റെ ലക്ഷ്യം.
? ഏതൊക്കെ തരത്തിലുള്ള പ്രയാസങ്ങളാണ് മില്ലി ഗസറ്റ് നേരിട്ടിരുന്നത്. എങ്ങനെ നിങ്ങളുടെ നിലപാടുമായി മുന്നോട്ടു പോകാനായി
പേജ് മുഴുവന്‍ മഷി നിറയ്ക്കാന്‍ ഒരിക്കലും ഞങ്ങള്‍ ശ്രമിച്ചില്ല. പ്രസ്സില്‍ പോകുന്ന രാത്രി പോലും ലീഡ് സ്റ്റോറി മാറ്റാറുണ്ട്. ഇന്ത്യയിലും പുറത്തും മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആവുംവിധം ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഞങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതൊന്നും മുസ്‌ലിംസമൂഹത്തിന് ആവശ്യമില്ലെന്ന് ഈ 17 വര്‍ഷം കൊണ്ടു ഞങ്ങള്‍ക്കു മനസ്സിലായി. എല്ലാ ആഴ്ചയിലും രണ്ടു കത്തെങ്കിലും ഉര്‍ദു പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുസ്‌ലിംകള്‍ക്കു സ്വന്തമായി ഇംഗ്ലീഷിലും ഹിന്ദിയിലും പത്രം വേണമെന്നും മുസ്‌ലിം ചാനല്‍ തുടങ്ങണമെന്നുമായിരിക്കും അതിലുണ്ടാവുക.
എന്നാല്‍, ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള മുസ്‌ലിംപത്രങ്ങള്‍ മുസ്‌ലിംകള്‍ വാങ്ങുന്നില്ലെങ്കില്‍ എങ്ങനെ അതിജീവിക്കും. മില്ലി ഗസറ്റിന്റെ 40,000 കോപ്പിയെങ്കിലും വിറ്റഴിക്കപ്പെട്ടിരുന്നെങ്കില്‍ പൂട്ടേണ്ടിവരില്ലായിരുന്നു.
? നീണ്ട 17 പ്രയാണത്തില്‍ ഉണ്ടായ വേദനാജനകമായ സന്ദര്‍ഭങ്ങള്‍.
ഞങ്ങളുടെ വാര്‍ത്തകളും ലേഖനങ്ങളും മറ്റുള്ളവരെ വേദനിപ്പിക്കുന്നുവെന്നു ബോധ്യമായപ്പോള്‍ വല്ലാതെ വേദനിച്ചിട്ടുണ്ട്. തെറ്റുപറ്റിയപ്പോഴൊക്കെ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ ലേഖനം തന്നു. സദുദ്ദേശ്യത്തോടെ ഞങ്ങളതു പ്രസിദ്ധീകരിച്ചു. അതു മറ്റുള്ളവരെ ചളി വാരിയെറിയാനുദ്ദേശിച്ച് വ്യക്തിതാല്‍പര്യത്തോടെ എഴുതിയതാണെന്നു പിന്നീടാണ് അറിയുന്നത്. ഞങ്ങള്‍ ബോധപൂര്‍വം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ക്ഷമാപണം നടത്തി.
? സമുദായസംഘടനകളുമായി ബന്ധംനിലനിര്‍ത്താന്‍ ശ്രമിക്കുകയും അവരോടു പ്രയാസങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നോ.
ഒരു വര്‍ഷം മുമ്പു ചില സംഘടനാനേതാക്കള്‍ക്കു പത്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് എഴുതുകയും സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. പലരും പ്രതികരിച്ചില്ല. ഒന്നോ രണ്ടോ പേര്‍ മാത്രമാണു പ്രതികരിച്ചത്. അതിലൊരാള്‍ അദ്ദേഹത്തിന്റെ സംഘടനയുടെ പരസ്യത്തുക കൂട്ടിത്തരാമെന്നു പറഞ്ഞു. 'മില്ലി ഗസറ്റ് സമുദായപത്രമാണ്. അതു നിര്‍ത്തരുത്' എന്നു നിര്‍ദേശിക്കുകയും സഹകരണം തുടരുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, മാസങ്ങള്‍ക്കകം ആ സംഘടന വാഗ്ദാനംചെയ്ത തുക ചുരുക്കാന്‍ തുടങ്ങി. അവസാനം പരസ്യത്തുകപോലും വെട്ടിക്കുറച്ചു.
അത്യാവശ്യ കാര്യങ്ങള്‍ ഏതു രീതിയില്‍ ചെയ്യണമെന്നും എങ്ങനെ ഇടപഴകണമെന്നും സമുദായത്തെ ആരും പഠിപ്പിച്ചില്ലെന്നതാണു യാഥാര്‍ഥ്യം. നമ്മുടെ മതനേതൃത്വത്തിന് സംഘടനയ്ക്ക് പുറത്തു വിവിധമേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരോടു ബന്ധപ്പെടാന്‍ കഴിയാത്തതു വലിയപ്രശ്‌നമാണ്.
സ്വന്തംസംഘടനയില്‍ മാത്രം ഒതുങ്ങേണ്ടതല്ല പ്രവര്‍ത്തനങ്ങളും പദ്ധതികളും. എല്ലാം പുറത്തേക്കു വ്യാപിപ്പിക്കണം. ശാസ്ത്രസാമ്പത്തികമാധ്യമ രംഗങ്ങളില്‍ വൈഭവമുള്ള ഒരുപാടുപേര്‍ നമ്മുടെ സമുദായത്തിലുണ്ട്. ഇവരൊക്കെ പുറത്തുമറിയപ്പെടണം. എന്തുകൊണ്ടാണ് 200 മില്യണ്‍ ജനങ്ങളുള്ള സമൂഹം ദുര്‍ബലരും അശക്തരുമായിപ്പോകുന്നതെന്നു നേതൃത്വം ചിന്തിക്കണം.
? മില്ലി ഗസറ്റ് നിര്‍ത്തിയ സാഹചര്യത്തില്‍ ഇനി നിങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത് എവിടെയായിരിക്കും.
ഭീകരവാദത്തെപ്പറ്റിയുള്ള 'ഉള്ളുകള്ളികള്‍' വെളിപ്പെടുത്തുന്ന ധവളപത്രം തയാറാക്കലിലാണ് ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍. അല്ലാഹു അനുഗ്രഹിച്ചാല്‍ അഞ്ചുമാസംകൊണ്ടു പുറത്തെത്തിക്കും. തെറ്റായ ഭീകരാരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ മുസ്‌ലിം സമൂഹത്തിന് അതു സഹായകവുമാകും. പൊലിസ് അതിക്രമങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കസ്റ്റഡി മരണങ്ങള്‍ അതുപോലെ ടാഡ, പോട്ടാ, മിസ, എന്‍.എസ്.എ എന്നീ കരിനിയമങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഇവകളെല്ലാം ഈ ധവളപത്രത്തിലുണ്ട്. ഇതിലൂടെ രാജ്യമനഃസ്സാക്ഷി ഉണരട്ടെ.
അബ്ദുല്ല യൂസുഫ് അലിയുടെ ഇംഗ്ലീഷ് ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ യോജിക്കാനാകാത്ത വിധം തെറ്റുകള്‍ പിണഞ്ഞിട്ടുണ്ട്. ആ തിരുത്തലുകള്‍ വരുത്തണം. മുസ്‌ലിംകള്‍ക്കു സ്വന്തമായി ഒരുപാട് ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളും എഫ്.എം സ്റ്റേഷനുകളും ടി.വി ചാനലുകളും ആവശ്യമുണ്ട്. ഇതത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല. കേരളത്തിലെ മുസ്‌ലിംകള്‍ ഇതില്‍ വിജയിച്ചിട്ടുണ്ട്.
മില്ലി ഗസറ്റിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ തുടരാനാണു തീരുമാനം. അച്ചടി മാധ്യമങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. ഇന്റര്‍നെറ്റ് എത്താത്ത ഉള്‍പ്രദേശങ്ങളില്‍ ലക്ഷക്കണക്കിനുപേര്‍ പത്രത്തെ ആശ്രയക്കുന്നവരാണ്. എന്നാല്‍ വളരെ വേഗത്തില്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇലക്‌ട്രോണിക് മാധ്യമങ്ങളെത്തന്നെ ആശ്രയിക്കണം. മുസ്‌ലിംകള്‍ക്കു പ്രധാനപ്പെട്ട ഇലക്‌ട്രോണിക് മാധ്യമസൈറ്റുകളൊന്നുമില്ല. മില്ലി ഗസറ്റിന്റെ വിടവ് പലരും നികത്തുമെന്നാണു പ്രതീക്ഷ. പ്രിന്റ് എഡിഷനിലെ എഴുത്തുകാര്‍ ഇനി ഓണ്‍ലൈന്‍ പത്രത്തിലെഴുതി ഒരു നെറ്റ് പേപ്പറായിട്ടെങ്കിലും മില്ലി ഗസറ്റ് നിലനില്‍ക്കും.
(മൊഴിമാറ്റം: എ.പി സല്‍മാന്‍, നിലമ്പൂര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."