ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്ന യുവാവിന് വൈദ്യപരിശോധന
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ എന്ന് അവകാശപ്പെടുന്ന ഇടപ്പള്ളി സ്വദേശിയായ 25 വയസുകാരനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
യുവാവിനെ കാക്കനാട്ടെ കുസുമഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു സംഘം ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും മാനസികനില ഉള്‍പ്പെടെ പരിശോധിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്. തന്റെ മകന് പുരുഷനാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ ഒരു സംഘം നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ച് മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹരജി ഈ മാസം ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ 25കാരന് താന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടത്. യുവാവ് 25 വയസുള്ള ഇന്ത്യന്‍ പൗരനാണെന്നും ട്രാന്‍സ് ജെന്‍ഡറുകളെ നിയമം അംഗീകരിച്ചതായി വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു. മകന് ചില മാനസിക പ്രശ്നങ്ങള്‍ കണ്ടതിനാല്‍ നേരത്തെ പാടുപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നതായി മാതാവ് ഹേബിയസ് കോര്‍പസ് ഹരജിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മേയ് 15ന് മകനെ കാണാനില്ലെന്ന് പൊലിസില്‍ പരാതി നല്കി. പൊലിസ് കസ്റ്റഡിയില്‍ എടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
പരാതി പരിഗണിച്ച മജിസ്ട്രേറ്റ് മകനെ സ്വന്തം ഇഷ്ടത്തിന് വിട്ടു. നിയമപരമായ മെഡിക്കല്‍ പരിശോധന പോലും നടത്താതെയാണ് വിട്ടയച്ചതെന്നും അവയവ കടത്ത് സംഘം മകനെ പിടികൂടിയോ എന്നു സംശയമുണ്ടെന്നുമാണ് ഹരജിക്കാരിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."