എല്ലാവര്ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കും: ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: നിലവില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാകാത്തവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ മന്ത്രി പി. തിലോത്തമന് നിയമസഭയെ അറിയിച്ചു. റേഷന്‍ കാര്‍ഡ് ഇല്ല എന്നതിന്റെ പേരില്‍ ഒരു കുടുംബത്തെയും ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ലൈഫ് മിഷന് പദ്ധതിയില്‍ വീടിനായി അപേക്ഷിക്കുമ്പോള്‍ ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെയാണ് ഒരു കുടുംബമായി പരിഗണിച്ചത്. അതുകൊണ്ട് തന്നെ പുതിയ റേഷന്‍ കാര്‍ഡ് എടുക്കാത്തവരുടെ പല അപേക്ഷകളും തദ്ദേശസ്ഥാപനങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ ഈ മാസം തന്നെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കില്ല. റേഷന്‍ സാധനങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കുന്നതിനായി റേഷനരിയും ഗോതമ്പും പായ്ക്കറ്റുകളിലാക്കി ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."