പാതയോരത്തെ മദ്യശാലകള്‍ക്കു താഴുവീണു
കണ്ണൂര്‍: പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ജില്ലയില്‍ ശനിയാഴ്ച മുതല്‍ എട്ട് ചില്ലറ വില്‍പനശാലയേ പ്രവര്‍ത്തിക്കൂ. ദൂരപരിധിയില്‍ വെള്ളിയാഴ്ച ചെറിയ ഇളവ് സുപ്രിംകോടതി അനുവദിച്ചതോടെ അടച്ചുപൂട്ടുന്ന ബാറുകളുടെയും ബിയര്‍ വൈന്‍ പാര്‍ലറുകളുടെയും അന്തിമ പട്ടികയായിട്ടില്ല. നേരത്തെയുള്ള നിര്‍ദേശപ്രകാരം 16 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് പട്ടികയിലുണ്ടായിരുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെയും ബിവറേജസ് കോര്‍പറേഷന്റേതുമായി 19 ചില്ലറ മദ്യവില്‍പനശാലകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം നേരത്തെ പൂട്ടി. നിലവിലുണ്ടായിരുന്ന 15ല്‍ പത്തും ദേശീയ-സംസ്ഥാന പാതയോരങ്ങളിലായിരുന്നു. മാര്‍ച്ച് 31നുശേഷം ലൈസന്‍സ് പുതുക്കണമെങ്കില്‍ പാതയോരങ്ങളില്‍നിന്ന് മാറ്റണമെന്ന വിധിയോടെ ബിവറേജസ് കോര്‍പറേഷന്റെ തലശേരിയിലെയും കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി പരിസരത്തെയും ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ സ്ഥലം മാറ്റി. കണ്‍സ്യൂമര്‍ഫെഡിന്റെ കണ്ണൂര്‍ കാല്‍ടെക്‌സിലെ കേന്ദ്രവും മാറ്റിയിട്ടുണ്ട്.
കണ്‍സ്യൂമെര്‍ ഫെഡിന് ജില്ലയില്‍ നാല് ചില്ലറ വില്‍പനകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലേത് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. കണ്ണൂര്‍ കാല്‍ടെക്‌സിലേത് ആലുക്കാസ് ജ്വല്ലറിക്കു പരിസരത്തെ കെട്ടിത്തിലേക്കാണ് മാറ്റിയത്. ആലക്കോടേതിന് ദൂരപരിധി ബാധകമല്ല. ബിവറേജസ് കോര്‍പറേഷന്റെ കണ്ണൂര്‍ കാല്‍ടെക്‌സ്, പുതിയതെരു, ശ്രീകണ്ഠപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ ശനിയാഴ്ച മുതല്‍ തുറക്കില്ല. തലശേരിയിലേത് കണ്ടിക്കലിലേക്കും കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി പരിസരത്തേത് കേളകത്തേക്കും മാറ്റി സ്ഥാപിച്ചു. വെള്ളിയാഴ്ചത്തെ സുപ്രിംകോടതി വിധിയില്‍ ദൂരപരിധിയില്‍ ഇളവ് അനുവദിച്ചതോടെ ഇവയില്‍ ചിലതെങ്കിലും തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോയും കണ്‍സ്യൂമര്‍ ഫെഡും.
ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്കുമാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലയിലെ ബാറുകളെല്ലാം ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു. ദേശീയ- സംസ്ഥാന പാതയുടെ പരിസരത്തെ മദ്യവില്‍പ്പനശാലകളെല്ലാം അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഇവയില്‍ പകുതിയും പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ വേണ്ടി വരും. കെ.ടി.ഡി.സിയുടെ രണ്ടെണ്ണമടക്കം 16 ബിയര്‍- വൈന്‍ പാര്‍ലറുകളാണ് പട്ടികയിലുണ്ടായിരുന്നത്. കാല്‍ടെക്‌സിലെ യാത്രിനിവാസ്, മാങ്ങാട്ടുപറമ്പിലെ മോട്ടല്‍ ആരാം എന്നിവയാണിത്.
കാല്‍ടെക്‌സിലെ ഹോട്ടല്‍ സന്നിധാന്‍, പുതിയതെരുവിലെ ഗീത റെസിഡന്‍സി, ചൊവ്വയിലെ സ്‌കൈപേള്‍, നടാലിലെ സൂര്യ റെസിഡന്‍സി, തളിപ്പറമ്പിലെ ചെമ്പരത്തി ഗാര്‍ഡന്‍, ഹോട്ടല്‍ സാമ്രാട്ട്, ശ്രീകണ്ഠപുരത്തെ ഹോട്ടല്‍ സമുദ്ര, കൂത്തുപറമ്പിലെ ഹോട്ടല്‍ വിന്‍ഡേജ്, ഹോട്ടല്‍ ലിന്‍ഡാസ്, തലശേരിയിലെ ഹോട്ടല്‍ പേള്‍വ്യൂ, ഹോട്ടല്‍ വിക്ടോറിയ, മട്ടന്നൂരിലെ സ്‌കൈപാര്‍ക്ക്, ഇരിട്ടിയിലെ ഹോട്ടല്‍ സൂര്യ, കെ.കെ ടൂറിസ്റ്റ് ഹോം എന്നിവയാണ് സുപ്രിംകോടതിയുടെ നേരത്തെയുള്ള 500 മീറ്റര്‍ പരിധി പാലിച്ചാല്‍ അടച്ചുപൂട്ടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."