എസ്.ഡി.പി.ഐ നേതാവിന്റെ വീടിനു ബോംബേറ്
പുതിയതെരു: പുഴാതിയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ വീടിനു നേരെ ബോംബേറ്. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറി ടി.കെ നവാസിന്റെ പുഴാതി പയറ്റിയാല്‍ കാവിന് സമീപത്തെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്.
വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ചില്ലുകളും രണ്ടു ഫൈബര്‍ കസേരകളും തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് സംഭവിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. രണ്ടു സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്.
വീടിന്റെ ചുമരില്‍ തട്ടിയാണ് പൊട്ടിയത്. ബോംബിന്റെ ചീളുകള്‍ വീട്ടുവരാന്തയില്‍ നിന്നു പൊലിസ് ശേഖരിച്ചു.
സി.പി.എം പ്രവര്‍ത്തകരായ സുജിത്ത്, മുബാറക്, നിധിന് തുടങ്ങിയവരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി വളപട്ടണം പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരിയും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തില്‍ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പുതിയതെരുവില്‍ പ്രകടനം നടത്തി.
അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, സെക്രട്ടറി ടി.കെ നവാസ്, വൈസ് പ്രസിഡന്റ് ധുജാന് മന്ന നേതൃത്വം നല്കി. സായാഹ്ന കൂട്ടായ്മ പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന് പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ബോംബേറില്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. കേടുപാട് പറ്റിയ വീട് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുനീര്‍ ചാലാട്, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന് പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വ്യാഴാഴ്ച രാത്രി 9.45ഓടെ പുതിയതെരു ടൗണ്‍ മസ്ജിദിനു സമീപമുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പനങ്കാവ് ജങ്ഷന് സ്വദേശികളുമായ സാജിദ്, സഫ്വാന് എന്നിവരെ വളപട്ടണം പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."