നിപ വൈറസിനെതിരെ ആത്മീയ പ്രതിരോധവും ആവശ്യം: പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍
മനാമ: നാട്ടില്‍ നിപാ വൈറസ് ഭീതി നില നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്ന മുന്‍കരുതലുകളോടൊപ്പം ആത്മീയ പ്രതിരോധങ്ങളും ആവശ്യമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഢിതനുമായ ശൈഖുല്‍ ജാമിഅ പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ അദ്ദേഹം മനാമയിലെ സാന്റ്‌റോക്ക് ഹോട്ടലില്‍ മാധ്യമങ്ങള്‍ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നിപ വൈറസിനെ സംബന്ധിച്ചുള്ള ആത്മീയ പ്രതിരോധ മാര്‍ഗങ്ങളുടെ ആവശ്യകത വിശദീകരിച്ചത്.
പകര്‍ച്ച വ്യാധികളും മരണങ്ങളും മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് പൂര്‍വ്വികര്‍ മങ്കൂസ് മൗലീദ് രചിച്ചത്. മാല മൗലിദുകളും ഹദ്ദാദ് റാതീബുകളും വിശ്വാസികള്‍ വീട്ടില്‍ പതിവാക്കണമെന്നും തന്മൂലം ഇത്തരം പകര്‍ച്ച വ്യാധികളും പ്രയാസങ്ങളും ഉണ്ടാവുന്നത് പ്രതിരോധിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, വിശ്വാസികള്‍ സ്വീകരിക്കുന്ന ഇത്തരം ആത്മീയ പ്രതിരോധങ്ങളുടെ നേട്ടം നാട്ടിലെ ഒരു മത വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും നാടിനും നാട്ടുകാര്‍ക്കെല്ലാവര്‍ക്കുമുപകരിക്കുന്ന ഇത്തരം ആത്മീയ പ്രതിരോധ മാര്‍ഗങ്ങളെ ആക്ഷേപിക്കുന്നവരെയും പരിഹസിക്കുന്നവരെയും വിശ്വാസികള്‍ അവഗണിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
സുന്നി ഐക്യ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.ഇരു വിഭാഗത്തില്‍ നിന്നും നിശ്ചയിക്കപ്പെട്ട സമിതികള്‍ തമ്മിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ തുടരുന്നത്. അതിന് നേതൃത്വം നല്‍കിയത് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളാണ്.
ഐക്യചര്‍ച്ചകളുടെ അന്തിമ പ്രഖ്യാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നിര്‍വ്വഹിക്കുക.
ഐക്യചര്‍ച്ചക്ക് പാണക്കാട് തങ്ങളെ മധ്യസ്ഥനാക്കണമെന്ന നിലപാടില്‍ നിന്നും സമസ്ത ഒട്ടും പിറകോട്ട് പോയിട്ടില്ല. സമസ്ത നേരത്തെ മുതല്‍ ആവശ്യപ്പെട്ടതാണത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മധ്യസ്ഥനാക്കണമെന്നായിരുന്നു ശംസുല്‍ ഉലമ നിര്‍ദേശിച്ചിരുന്നത്. പിന്നീട് വന്ന നേതാക്കളും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പാണക്കാട് തങ്ങള്‍ക്കു പകരമായി മറ്റൊരാളെ മധ്യസ്ഥനാക്കുന്നത് സമസ്ത ആലോചിക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആലിക്കുട്ടി ഉസ്താദ് വ്യക്തമാക്കി.
ഫിത്‌നകള്‍ (നാശങ്ങള്‍) ഉണ്ടാക്കുന്നവരെ വിശ്വാസികള്‍ എപ്പോഴുംകരുതിയിരിക്കണം. അവര്‍ക്കതിന് പ്രോത്സാഹനം നല്‍കുന്നതും പിന്തുണക്കുന്നതും ശരിയല്ല. ഒരു നാട്ടില്‍ ഒരു ജുമുഅ ഉണ്ടായിരിക്കെ അനാവശ്യമായി മറ്റൊരു ജുമുഅ ഉണ്ടാക്കുന്നത് ശരിയല്ല. അതോടൊപ്പം ഫിത്‌നകള്‍ ഉണ്ടാക്കുന്നവരെ നിയമപരമായി പ്രതിരോധിക്കുന്നതിനു പകരം കായികമായി നേരിടുന്നതും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതും വിശ്വാസികള്‍ക്ക് ഭുഷണമല്ല.
പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും ഉണ്ടാകേണ്ടതെന്നും വിശുദ്ധ മാസത്തില്‍ അനാവശ്യ ഇടപെടലുകളൊഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തില്‍ സര്‍ക്കാറിനു കീഴില്‍ മുസ്‌ലിം വിരുദ്ധ നീക്കം നടക്കുന്നുവെന്ന് കരുതുന്നില്ല. പക്ഷെ, തങ്ങള്‍ക്കര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അത് ശക്തമായി ചോദ്യം ചെയ്യും. വഖഫ് ബോര്‍ഡുമായും മറ്റും ബന്ധപ്പെട്ട് നേരത്തെ ബോധിപ്പിച്ച പരാതികളില്‍ നീതിയുക്തമായ തീരുമാനങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി കെ.ടി ജലീലും മുഖ്യമന്ത്രിയോടൊപ്പം തന്നെയുണ്ട് എന്നതിനാല്‍ ജലീലുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളും മുഖ്യമന്ത്രി പരിശോധിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മറിച്ചാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ അപ്പോള്‍ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയപ്പ് നല്‍കി. മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം ഇതിനായി നാട്ടിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത പ്രബോധനം നിര്‍വ്വഹിക്കുന്നതോടൊപ്പം തന്നെ, കേരളത്തിലെ അന്യദേശക്കാരായ തൊഴിലാളികള്‍ക്ക് മത ബോധം പകരാനാവശ്യമായ ശ്രമങ്ങളും സമസ്തയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ അറിയിച്ചു.
വിശുദ്ധ റമദാനില്‍ ആത്മ നിയന്ത്രണമുള്ളവരാവണമെന്നും ലൈലത്തുല്‍ ഖദര്‍ ഉള്‍പ്പെടെയുള്ള റമദാന്റെ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."